srtike

കൊല്ലം: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് മേയ് ഒന്ന് മുതൽ ടെണ്ടർ ബഹിഷ്കരണ സമരം നടത്താൻ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ക്വാറി, ക്രഷർ യൂണിറ്റുകളും ഉപരോധിക്കാൻ ആലോചനയുണ്ട്.

കരാറുകാർ നടത്തിയ സമരത്തെ തുടർന്ന് ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് വില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ക്രഷർ - ക്വാറി പ്രതിനിധികൾ, കരാറുകാരുടെ പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു. ഈ കമ്മിറ്റി കൂടിയാലോചിച്ച് മാത്രമേ വില വർദ്ധിപ്പിക്കാവൂ എന്നായിരുന്നു തീരുമാനം. എന്നാൽ ക്വാറി, ക്രഷർ യൂണിറ്റുകൾ നിബന്ധനകൾ കാറ്റിൽപ്പറത്തി ദിവസേന തോന്നുംപടി വില വർദ്ധിപ്പിക്കുകയാണ്.

തിരഞ്ഞെടുപ്പിന് പിന്നാലെ സിമന്റ് കമ്പനികൾ നൂറ് രൂപയോളം വില വർദ്ധിപ്പിച്ചു. കമ്പി, പി.വി.സി പൈപ്പ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ മുതലായവയുടെ വിലയും അമിതമായി വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാൽ കരാറുകാർ കടക്കെണിയിൽ അകപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗം കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് അജിത് പ്രസാദ് ജയൻ അദ്ധ്യക്ഷനായി. മുൻ ജില്ലാ സെക്രട്ടറി പുണർതം പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബദറുദ്ദീൻ, ട്രഷറർ അജയകുമാർ, ഭാരവാഹികളായ മൻമഥൻപിള്ള, പി.കെ. അശോകൻ, സത്യരാജൻ, എസ്. രാജു, ഫൈസൽ, സത്യശീലൻ, കൃഷ്ണലാൽ, സുഗതൻ, പി.എച്ച്. റഷീദ്, സുനിൽകുമാർ, ബാഹുലേയൻ, സുമംഗളൻ തുടങ്ങിയവർ സംസാരിച്ചു.