കൊല്ലം: മൂത്ത മകന്റെയും ഭാര്യയുടെയും പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്ന വയോധികയെയും ഭിന്നശേഷിക്കാരനായ മകനെയും ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറുടെ ഇടപെടലിനെ തുടർന്ന് പത്തനാപുരം ഗാന്ധിഭവന്റെ സംരക്ഷണത്തിലാക്കി. കൊല്ലം മുണ്ടയ്ക്കൽ കിഴക്ക് കടയഴികം വീട്ടിൽ വിശാലാക്ഷി (77), മകൻ സുധീഷ്‌കുമാർ (41) എന്നിവർക്കാണ് ഗാന്ധിഭവനിൽ തണലൊരുങ്ങിയത്.
വിശാലാക്ഷിക്ക് മൂന്ന് ആൺമക്കളും ഒരു മകളുമാണുള്ളത്. ഭർത്താവ് ചെറുപ്പത്തിലേ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇളയമകൻ സുധീഷ് കുമാറിനൊപ്പം വിശാലാക്ഷി മൂത്തമകന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അമ്മയുടെ പേരിലുള്ള വീടിനും വസ്തുവിനും വേണ്ടി മൂത്തമകൻ നിരന്തരം വഴക്കുണ്ടാക്കുന്നതും വീട് അടിച്ചുതകർക്കുന്നതും പതിവായിരുന്നു.
ഇതിനിടെ മൂത്തമകനും ഭാര്യയും ചേർന്ന് തന്നെയും ഇളയമകനെയും മർദ്ദിക്കുന്നതായി കാട്ടി വിശാലാക്ഷി ജില്ലാ കളക്ടറോട് പരാതി ബോധിപ്പിക്കാനെത്തി. കളക്ടറുടെ അഭാവത്തിൽ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ആസിഫ് കെ. യൂസഫ് വിഷയത്തിൽ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് അമ്മയ്ക്കും മകനും വൈദ്യസഹായം ലഭ്യമാക്കിയ അദ്ദേഹം ഇരുവരുടെയും സംരക്ഷണത്തിനായി ഗാന്ധിഭവൻ അധികൃതരെ ബന്ധപ്പെട്ടു.
ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ട്രാക്ക് ഭാരവാഹി ജോർജ് എഫ്. സേവ്യർ തുടങ്ങിയവർ കളക്ടറേറ്റിലെത്തി അമ്മയെയും മകനെയും ഏറ്റെടുത്തു. ജില്ലാ കളക്ടറുടെ ജൂനിയർ സൂപ്രണ്ട് സബീന ബീഗം, നൈജു കബീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.