സന്നദ്ധ പ്രവർത്തകരുടെ സേവനം ആവശ്യം
കൊല്ലം: സ്റ്റേഷനുകളിലെ മൂന്നിലൊന്ന് പൊലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ 24 മണിക്കൂറും ജോലി ചെയ്ത് തളരുകയാണ് ഉദ്യോഗസ്ഥർ. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നവർക്ക് പകരം ആളില്ലാത്തതിനാൽ ക്രമസമാധാനപാലനവും ബുദ്ധിമുട്ടിലാക്കി.
കൊവിഡ് ഒന്നാം ഘട്ടത്തിൽ നിയന്ത്രണ ജോലികൾക്ക് സന്നദ്ധ പ്രവർത്തകരെ വോളണ്ടിയർമാരായി നിയോഗിച്ചിരിക്കുന്നു. ഒരു സ്റ്റേഷനിൽ 15 മുതൽ 30 വോളണ്ടിയർമാർ വരെ സേവനസന്നദ്ധരായിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലെ പ്രവർത്തനം, വാഹന നിയന്ത്രണം എന്നിവയ്ക്ക് ഇവരെയായിരുന്നു നിയോഗിച്ചിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരായ ഒന്നോ രണ്ടോ പേർ ഇവർക്ക് നേതൃത്വം നൽകും. കൊവിഡിന്റെ രണ്ടാം വരവിൽ പ്രതിസന്ധി വർദ്ധിച്ചതോടെ സന്നദ്ധപ്രവർത്തകരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം സേനയ്ക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
ജോലിഭാരം ഇരട്ടിച്ചു
മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കാത്തവർക്കെതിരെ പിഴയീടാക്കുന്നതും കേസെടുക്കുന്നതും കൊവിഡ് നിയന്ത്രണത്തിന് നിയോഗിച്ച ഉദ്യോഗസ്ഥരാണ്. എസ്.ഐ, എ.എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ മൂന്നോ അതിലധികമോ അംഗങ്ങളുള്ള ടീമുകളായാണ് പ്രവർത്തനം. ഓരോ ജില്ലകളിലെയും സബ് ഡിവിഷൻ പരിധികളിൽ നാല്പത് മുതൽ അൻപത് വരെ ടീമുകളാണ് നിലവിലുള്ളത്. കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണ മേഖലകളിലെ ചുമതലയും ഇവർക്കാണ്. ടീം അംഗങ്ങളിൽ പകരക്കാരായി ആരെയും ഉൾപ്പെടുത്താനാകാത്തത് ജോലിഭാരം ഇരട്ടിപ്പിക്കുന്നു.
ആവശ്യങ്ങൾ ഇങ്ങനെ
1. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കണം
2. ആരോഗ്യം സംരക്ഷിക്കാൻ നടപടിവേണം
3. സന്നദ്ധപ്രവർത്തകരുടെ സേവനം ഉറപ്പാക്കണം
4. സേനയിൽ അംഗബലം വർദ്ധിപ്പിക്കണം
5. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണം
ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥർ - നിലവിലുള്ളത്
(ജനസംഖ്യ ഒരുലക്ഷത്തിൽ)
സിവിൽ പൊലീസ് - 139.92 - 103.20
ആകെ ഉദ്യോഗസ്ഥർ - 177.67 - 134.28
100 ചതുരശ്ര കിലോമീറ്ററിൽ
സിവിൽ പൊലീസ് - 51.14 - 37.72
ആകെ ഉദ്യോഗസ്ഥർ - 64.93 - 49.08
''
പൊലീസുകാരുടെ ആരോഗ്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കൊവിഡ് നിയന്ത്രണത്തിന് സന്നദ്ധപ്രവർത്തകരുടെ സേവനം ഉറപ്പാക്കി ജോലിഭാരം കുറയ്ക്കണം.
പൊലീസ് ഉദ്യോഗസ്ഥർ