c

തഴവ: കൊവിഡ് ബാധിച്ച് നാലുപേർ മരിച്ച കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക പരത്തുന്നു. കഴിഞ്ഞ ദിവസം നൂറ്റി നാൽപ്പത് പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 258 ആയി. നിലവിൽ കണ്ടെയ്ൻമെന്റ് സോണിലാണ് പ്രദേശം. നിലവിലെ സ്ഥിതി തുടർന്നാൽ പഞ്ചായത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്രവ പരിശോധന കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. ഇതിന്റെ ഭാഗമായി ഇന്ന് വവ്വാക്കാവ് ഗവൺമെന്റ് എൽ. പി സ്കൂളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.