കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് ജംഗ്ഷൻ മുതൽ സർക്കാർ ആശുപത്രിമുക്ക് വരെയുള്ള ദേശീയപാതയുടെ വശങ്ങളിൽ ഇന്റർലോക്ക് കട്ടകൾ സ്ഥാപിച്ച് മോടിപിടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. എഴുകോൺ മുതൽ പുനലൂർ വരെ നടക്കുന്ന ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി 33 കോടി രൂപ മുടക്കി നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുന്നിക്കോട്ട് ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന മിക്ക സ്ഥലങ്ങളിലും ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. ഒടുവിലാണ് കുന്നിക്കോട്ട് ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
ചിലയിടങ്ങളിൽ ഐറിഷ് കോൺക്രീറ്റ്
മാസങ്ങളായി ദേശീയപാതയുടെ വശങ്ങൾ ഇളക്കിയിട്ടിരിക്കുന്നതിനാൽ വ്യാപാരികളും നാട്ടുകാരും ബുദ്ധിമുട്ടിലായിരുന്നു. കുറച്ച്നാൾ മുൻപ് കുന്നിക്കോട് ജംഗ്ഷനിൽ ചില ഭാഗങ്ങളിൽ ഐറിഷ് കോൺക്രീറ്റ് ചെയ്തിരുന്നു. ടൗണിൽ ഐറിഷ് കോൺക്രീറ്റ് ചെയ്യുന്ന ദേശീയപാത വിഭാഗം, തിരക്കില്ലാത്തതും ആളൊഴിഞ്ഞ പ്രദേശങ്ങളിലും ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കുകയാണെന്ന് വിളക്കുടി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് ആരോപിച്ചു. എന്നാൽ റോഡിന്റെ തകർച്ചയും വശങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പഠനം നടത്തി കണ്ടെത്തിയ പ്രത്യേക സ്ഥലങ്ങളിൽ മാത്രമാണ് ഐറിഷ് കോൺക്രീറ്റ് ചെയ്തതെന്ന് ദേശീയപാത വിഭാഗം പ്രതികരിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്തിൽ ദേശീയപാത കടന്നു പോകുന്ന മിക്ക പ്രദേശങ്ങളിലും പദ്ധതി പൂർത്തിയായെങ്കിലും വിളക്കുടി ജംഗ്ഷൻ, അമ്പലമുക്ക്, പച്ചില വളവ്, പച്ചില പള്ളിയുടെ സമീപ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇനിയും ജോലികൾ ആരംഭിച്ചിട്ടില്ല.