bus

 ചിന്നക്കട - റെയിൽവേ സ്റ്റേഷൻ ബസ് യാത്ര അതികഠിനം


കൊല്ലം: ചിന്നക്കട ക്ളോക്ക് ടവർ ജംഗ്‌ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ബസിൽ പോകുന്ന യാത്രക്കാർ ഇടയ്‌ക്ക് എവിടെയെങ്കിലും ഇറങ്ങാനുള്ള ഉദ്ദേശമുണ്ടെങ്കിൽ മറന്നേക്കണം. ബീച്ച് റോഡ് വഴിയാകുമെന്ന് കരുതി കയറിയാൽ ചിലപ്പോൾ പാതിവഴിയിലിറങ്ങി കാൽനടയായി പോകേണ്ടിവരും. കാരണം ചിന്നക്കടയിൽ എത്തിയ ശേഷമാണ് ഏതുവഴി പോകണമെന്ന് ബസ് ജീവനക്കാർ പോലും തീരുമാനിക്കുന്നത്.

ചിന്നക്കടയിൽ നിന്ന് കൊട്ടിയം, ഇരവിപുരം, കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസുകൾക്ക് സഞ്ചരിക്കാനായി നിശ്ചയിച്ചിരിക്കുന്നത് ബീച്ച് റോഡ്, കൊച്ചുപിലാംമൂട്, ആർ.ഒ.ബി, റെയിൽവേ സ്റ്റേഷൻ വഴിയാണ്. എന്നാൽ ചിന്നക്കടയിലെത്തിയാൽ എളുപ്പമാർഗമേതാണോ, അതുവഴിയാകും ബസുകളുടെ സഞ്ചാരം. എസ്.എം.പി റെയിൽവേ ഗേറ്റ് തുറന്നുകിടന്നാൽ അതുവഴിയും തിരക്കുള്ളപ്പോൾ കോട്ടൺ മിൽ ജംഗ്‌ഷനിൽ യു ടേൺ എടുത്ത് ഓവർബ്രിഡ്ജ് വഴിയുമാണ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.

 ആകെ ദൂരം 500 മീറ്റർ, സഞ്ചരിക്കേണ്ടത് 2.5 കി.മീ

കേവലം അരകിലോമീറ്റർ മാത്രം ദൂരത്തേക്ക് ബസുകൾ ചുറ്റിക്കറങ്ങുന്നത് ഏകദേശം രണ്ടര കിലോമീറ്ററാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ചിന്നക്കട ക്ളോക്ക് ടവർ ജംഗ്‌ഷനിൽ ഇറങ്ങുന്നവർ മേല്പാലത്തിലൂടെ കാൽനടയായി റെയിൽവേ സ്റ്റേഷനിൽ എത്തിയാലും ബസ് എത്തിച്ചേരണമെന്നില്ല.

അനാവശ്യമായ ഈ 'കറക്കം' ഒഴിവാക്കാനാണ് ബസ് ജീവനക്കാർ അപ്പപ്പോൾ സൗകര്യമുള്ള വഴികൾ തിരഞ്ഞെടുക്കുന്നത്. സമയ, ഇന്ധന നഷ്ടങ്ങൾ കണക്കിലെടുത്ത് കൊട്ടിയം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ക്ളോക്ക് ടവർ ജംഗ്‌ഷൻ ഒഴിവാക്കിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.

 അടിപ്പാത വിനയായി

ചിന്നക്കട അടിപ്പാത നിർമ്മാണത്തിന് ശേഷമാണ് യാത്രക്കാരെ ചുറ്റിക്കുന്ന ഇത്തരം ഗതാഗത പരിഷ്‌കാരങ്ങൾ നഗരത്തിൽ നടപ്പിലായത്. അശാസ്ത്രീയമായ വികസനങ്ങൾ പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നിർമ്മാണത്തിന് മുൻപ് തന്നെ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.