കരുനാഗപ്പള്ളി: ചവറ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വിജയശ്രീമുക്ക് വട്ടത്തറ റോഡിന്റെ സൈഡ് എർത്ത് ഫില്ലിംഗ് വർക്ക് തടസപ്പെടുത്തിയെന്ന് ആരോപിച്ച് കരാറുകാരൻ തുറമുഖ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് അനുവദിച്ച 16 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കിയത്. ഇതിന് ശേഷം റോഡിന്റെ വശങ്ങളിൽ എർത്ത് ഫില്ലിംഗ് നടത്തി വട്ടത്തറയിൽ എത്തിയപ്പോഴാണ് ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് പണി തടസപ്പെടുത്തിയത്.
വട്ടത്തറ ക്ഷേത്രത്തിന് മുൻവശം സൈഡ് വാൾ കെട്ടി റോഡ് ബലപ്പെടുത്തണമെന്നായിരുന്നു ചെറുപ്പക്കാരുടെ ആവശ്യം. ഇത് റോഡിന്റെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. ഇതോടെ ജോലിക്കാർ പണി നിറുത്തിപ്പോയി. ഇതിന് ശേഷം 5 ദിവസം കഴിഞ്ഞ് ഇതുവഴി വന്ന മിനി ലോറി നിയന്ത്രണം തെറ്റി റോഡിന്റെ വശത്തേക്ക് ചരിഞ്ഞു. അപ്പോഴും റോഡിന് ഒരു കേടുപാടും സംഭവിച്ചിരുന്നില്ല. തുടർന്ന് പണി തടസപ്പെടുത്തിയവർ എത്തി റോഡ് വെട്ടിക്കീറിയാണ് മിനി ലോറി മാറ്റിയത്. റോഡിന്റെ നിർമ്മാണത്തിൽ വന്ന ക്രമക്കേട് മൂലമാണ് റോഡിന്റെ വശത്തേക്ക് ലോറി ചരിഞ്ഞതെന്ന വ്യാജ വാർത്തയും ഇവർ പ്രചരിപ്പിച്ചെന്ന് കരാറുകാരൻ പറഞ്ഞു. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോൺട്രാക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.