പുനലൂർ:കൊവിഡ് രണ്ടാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ എല്ലാ വാർഡുകളിലും മൂന്ന് ദിവസങ്ങൾക്കുള്ളിൽ മോണിറ്ററിംഗ് കമ്മിറ്റികളുടെ പുനഃപ്രവർത്തനങ്ങൾ ആരംഭിക്കാൻ നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന കൗൺസിലർമാർ, ആശാവർക്കർമാർ തുടങ്ങിയവരുടെ സംയുക്ത യോഗം തീരുമാനിച്ചു.നഗരസഭ പ്രദേശങ്ങളിൽ കൊവിഡ് വ്യാപകമാകുന്നത് കണക്കിലെടുത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി പട്ടണത്തിൽ കൂടുതൽ ജനങ്ങൾ എത്തുന്ന മൂന്ന് കേന്ദ്രങ്ങളിൽ സാനിറ്റൈസറും മറ്റും സൗജന്യമായി വിതരണം ചെയ്തു തുടങ്ങി.നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, പി.എ.അനസ്, വസന്ത രഞ്ചൻ തുടങ്ങിയവർ സംസാരിച്ചു.