money

 വിവരങ്ങൾ ശേഖരിച്ച് പൊലീസ്

കൊല്ലം: പള്ളിത്തോട്ടത്തെ വസ്തു കച്ചവടക്കാരനെ തമിഴ്നാട്ടിലെ കമ്പത്തെത്തിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിന് സമാനമായി നിരവധിയാളുകൾ ജില്ലയിൽ തട്ടിപ്പിനിരയായതായി സൂചന. ഇതിൽ ഭൂരിഭാഗവും ഭയന്നിട്ടോ തെളിവുകളുടെ അഭാവത്തിലോ പരാതി നൽകാൻ മടിക്കുകയാണെന്നാണ് പൊലീസിന്റെയും ഇന്റലിജൻസിന്റെയും വിലയിരുത്തൽ.

സാമ്പത്തിക ശേഷിയുള്ളവരെ കണ്ടെത്തി തന്ത്രപൂർവമാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ഇത്തരത്തിൽ തട്ടിപ്പിനിരയായവരെപ്പറ്റി വിവരശേഖരണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

വസ്തു കച്ചവടക്കാരായ മറ്റു ചിലരെയും സമാനമായി തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. പണം കിട്ടാതായ സംഭവങ്ങളിൽ ഭാര്യമാരെ ഫോണിൽ വിളിപ്പിച്ച് ബന്ധുക്കളിൽ നിന്ന് പണം തട്ടിയ കേസുകളുണ്ട്. ആളുകളെ വിവസ്ത്രരാക്കി സ്ത്രീകൾക്കൊപ്പം നിറുത്തി ചിത്രങ്ങളെടുത്ത് പണംതട്ടിയ കേസുകളുമുണ്ട്. സെക്കൻഡ് ഹാൻഡ് വാഹന കച്ചവടക്കാരെ കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ വിളിച്ചുവരുത്തി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുള്ളതായും അറിയുന്നു.

 വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്


തമിഴ് തിരുട്ട് സംഘങ്ങൾ വായ്പ വാഗ്ദാനം ചെയ്തും കൊള്ള നടത്തുന്നുണ്ട്. വലിയ തുക ചെറിയ പലിശയ്ക്ക് തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. പല മേഖലകളിൽ പണമിറക്കി ബിസിനസ് നടത്തുന്നവരെ കണ്ടെത്താനും ബന്ധപ്പെടാനും കമ്മിഷൻ ഏജന്റുമാരുണ്ട്. അഞ്ചു കോടി മുതലുള്ള ഭീമമായ തുക വായ്പയായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വസിപ്പിക്കും. ഇതിനായി ആസ്ഥിരേഖകളുമായി തേനിയിലോ കമ്പത്തോ വരുത്തും. ഇത്ര വലിയ തുക വായ്പയായി അനുവദിക്കണമെങ്കിൽ ആദ്യം നിശ്ചിത തുക അടയ്ക്കാൻ പറയും. 10 മുതൽ 20 ലക്ഷം വരെ ഇങ്ങനെ വാങ്ങിയെടുക്കും. പിന്നീട് വായ്പ ലഭിക്കാതാവുമ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലാകുക. തിരിച്ച് ബന്ധപ്പെട്ടാൽ ആരെയും ഫോണിൽ കിട്ടില്ല. തട്ടിപ്പ് മനസിലാക്കി ആദ്യമേ എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.