hen

 മാലിന്യം വലിച്ചെറിയുന്നവരെയും നിരീക്ഷിക്കും

കൊല്ലം: നഗരത്തിന് പുറത്തുള്ള കടകളിൽ നിന്നുള്ള ഇറച്ചിക്കോഴി മാലിന്യം കന്റോൺമെന്റ് മൈതാനം അടക്കമുള്ള സ്ഥലങ്ങളിൽ വച്ച് കൈമാറുന്ന സംഘത്തെ പിടികൂടാൻ നഗരസഭ രാത്രികാല സ്ക്വാഡിനെ നിയോഗിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ യു. പവിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെയും കണ്ടെത്തി നൈറ്റ് സ്ക്വാഡ് പിഴ ചുമത്തും.

ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഗിരീഷാണ് കോഴിവേസ്റ്റ് പ്രശ്നം യോഗത്തിൽ ഉന്നയിച്ചത്. കോഴിവേസ്റ്റ് സംഘങ്ങൾ നഗരത്തിൽ കടുത്ത മാലിന്യപ്രശ്നം സൃഷ്ടിക്കുന്നതിനൊപ്പം നഗരസഭയ്ക്ക് വരുമാന നഷ്ടവും ഉണ്ടാക്കുകയാണെന്ന് യു.ഡി.എഫ് കൗൺസിലർ കുരുവിള ജോസഫ് പറഞ്ഞു. കോഴിവേസ്റ്റ് ശേഖരിക്കുന്ന പദ്ധതി റീ ടെണ്ടർ ചെയ്യുമെന്നും നഗരസഭയ്ക്ക് പരമാവധി വരുമാനം ലഭിക്കുന്നതിനൊപ്പം ശാസ്ത്രീയമായ സംസ്കരണം ഉറപ്പാക്കുന്ന തരത്തിലുമാകും കരാറെന്നും യു. പവിത്ര മറുപടി പറഞ്ഞു.

 നിലാവ് പദ്ധതി ഒരു മാസത്തിനകം

നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡിയാക്കുന്ന നിലാവ് പദ്ധതി ഒരുമാസത്തിനകം നടപ്പാക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. യു.ഡി.എഫ് കൗൺസിലർ കുരുവിള ജോസഫിന്റെ ചോദ്യത്തിന് മറുപടിയായായിരുന്നു മേയറുടെ പ്രതികരണം.

 'വേളാങ്കണ്ണി ജംഗ്ഷനെ'തിരെ വീണ്ടും വിമർശനം

കച്ചേരി ജംഗ്ഷനിലെ ചിന്നക്കട ഭാഗത്തേക്കുള്ള ബസ് ഷെൽട്ടറിൽ 'വേളാങ്കണ്ണി ജംഗ്ഷൻ' എന്ന് സ്ഥലപ്പേര് എഴുതിയതിനെതിരെ കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു. ഇവിടെ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ബസ് ഷെൽട്ടർ വൈദ്യുതീകരിക്കുന്ന അജണ്ട ചർച്ചയായപ്പോൾ വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്. ജയനാണ് ഇക്കാര്യം ഉന്നയിച്ചത്.

അനുവാദമില്ലാതെ സ്ഥലപ്പേര് മാറ്റിയെഴുതിയത് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ കൊല്ലം മധുവും ഇതിനെ പിന്തുണച്ചു. എന്നാൽ വേളാങ്കണ്ണി പള്ളിയാണ് ബസ് ഷെൽട്ടറിനോട് ഏറ്റവും അടുത്ത് നിൽക്കുന്നതെന്ന് പറഞ്ഞ് മേയർ പ്രസന്ന ഏണസ്റ്റും മുൻ മേയർ ഹണി ബഞ്ചമിനും പേരുമാറ്റത്തെ ന്യായീകരിച്ചു.