കൊല്ലം: കൊവിഡ് മാനദണ്ഡം പാലിച്ച് റാലിയും പൊതുസമ്മേളനവും ഒഴിവാക്കി മേയ് ഒന്നിന് ലോക തൊഴിലാളി ദിനം ജില്ലയിൽ ആചരിക്കാൻ ഇടതുപക്ഷ ട്രേഡ് യുണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. രാവിലെ 9ന് തൊഴിലിടങ്ങളിലും ഫാക്ടറികളിലും തൊഴിലാളികളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലും പതാക ഉയർത്തും. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി ജി. ബാബു അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ട്രഷറർ എ.എം. ഇക്ബാൽ, അഡ്വ. ഇ. ഷാനവാസ്ഖാൻ, ബി. മോഹൻദാസ്, അയത്തിൽ സോമൻ, എം.വൈ. ആന്റണി, ബി. ശങ്കർ എന്നിവർ സംസാരിച്ചു.