കൊല്ലം: ജില്ലയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളുടെ പരിശോധന ശക്തമാക്കി.
പത്തനാപുരം പിടവൂരിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) പി.ബി. സുനിൽ ലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 15 പേർക്ക് താക്കീത് നൽകി. നാലുപേർക്ക് പിഴയിട്ടു. കടപ്പാക്കട മാർക്കറ്റ്, ശങ്കേഴ്‌സ് എന്നിവിടങ്ങളിലെ 25 സ്ഥാപനങ്ങളിൽ തഹസീൽദാർ എ. വിജയന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പുനലൂരിൽ ഡെപ്യൂട്ടി തഹസീൽദാർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പുനലൂർ ടൗൺ, പിറവന്തൂർ, വാളക്കോട്, കലയനാട്, തൊളിക്കോട്, ചെമ്മന്തൂർ എന്നിവിടങ്ങളിലായി 59 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു. 31 പേർക്ക് താക്കീത് നൽകി.
കുന്നത്തൂരിൽ 81 കേസുകൾ രജിസ്റ്റർ ചെയ്തു. ആറ് കേസുകൾക്ക് പിഴ ഈടാക്കി. തഹസീൽദാർ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിൽ പടിഞ്ഞാറേകല്ലട, കുന്നത്തൂർ, നെടിയവിള, പോരുവഴി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.
കൊട്ടാരക്കര താലൂക്കിൽ മൈലം, കുളക്കട, കലയപുരം, കിഴക്കെത്തെരുവ്, പുത്തൂർ, കടയ്ക്കൽ എന്നിവിടങ്ങളിൽ കൊട്ടാരക്കര തഹസീൽദാർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. 104 പേർക്ക് താക്കീത് നൽകി. എട്ടു കേസുകൾക്ക് പിഴ ഈടാക്കി.
കരുനാഗപ്പള്ളിയിൽ 40 കേസുകൾക്ക് താക്കീത് നൽകി. 16 എണ്ണത്തിൽ പിഴ ഈടാക്കി. ഓച്ചിറ, കരുനാഗപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. കരുനാഗപ്പള്ളി തഹസിൽദാർ കെ.ജി. മോഹൻ നേതൃത്വം നൽകി.