കൊല്ലം: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യുവാക്കളിലും മദ്ധ്യവയസ്‌കരിലും കൊവിഡ് രോഗവ്യാപനം അതിതീവ്രമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങൾ. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളിൽ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങൾ നിസാരമായി കാണരുത്.
ജീവിതശൈലി രോഗങ്ങൾ, ഹൃദ്രോഗം, വൃക്കരോഗം, കരൾരോഗം തുടങ്ങിയ മാരകരോഗങ്ങൾ ഉള്ളവർ യാത്രകൾ ഒഴിവാക്കണം. വിദഗ്ദ്ധ ചികിത്സാസേവനത്തിനായി ഇസഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണിൽ ബന്ധപ്പെടുകയോ ചെയ്യണം.
60 വയസിന് മുകളിൽ പ്രായമുള്ളവരും കുട്ടികളും ഗർഭിണികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത അറിയിച്ചു.