ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ വിവിധ മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ പുരോഗമിക്കുമ്പോഴും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ വേണ്ടരീതിയിൽ പാലിക്കാത്തതാണ് രോഗവ്യാപനം കൂട്ടിയത്. വിവാഹം, രാഷ്ട്രീയ പാർട്ടികളുടെ പൊതു പരിപാടികൾ, മരണം തുടങ്ങി എല്ലാ ചടങ്ങുകളിലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വലിയ ആൾക്കൂട്ടമായിരുന്നു. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താലൂക്കിലെ ഏഴു പഞ്ചായത്തുകളിലും സെക്ടർ മജിസ്ട്രേറ്റുമാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. പഞ്ചായത്ത് തലത്തിലുള്ള രോഗികളുടെ എണ്ണം ഇപ്രകാരമാണ്. ശാസ്താംകോട്ട - 56, മൈനാഗപ്പള്ളി - 36, പോരുവഴി - 16, ശൂരനാട് വടക്ക് - 49, കുന്നത്തൂർ - 27, പടിഞ്ഞാറേ കല്ലട - 30, ശൂരനാട് സൗത്ത് - 27.