ചാത്തന്നൂർ: കാഴ്ചയില്ലായ്മയും ആരോഗ്യപ്രശ്നങ്ങളും മൂലം ദുരിതത്തിലായ കടയ്ക്കൽ അരുണോദയത്തിൽ ലക്ഷ്മിക്കുട്ടിഅമ്മയ്ക്ക് (67) സാന്ത്വനമേകി കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രം. വയോധികനായ സഹോദരന് സംരക്ഷിക്കാനാകാതെ വന്നതോടെ പ്രദേശത്തെ സാമൂഹ്യപ്രവർത്തകർ ഇടപെട്ട് ലക്ഷ്മിക്കുട്ടിഅമ്മയെ സമുദ്രതീരത്ത് എത്തിക്കുകയായിരുന്നു.
അവിവാഹിതയായ ലക്ഷ്മിക്കുട്ടിഅമ്മയെ ഇത്രയും കാലം പരിചരിച്ചിരുന്നത് സഹോദരനും കുടുംബവുമായിരുന്നു. കാഴ്ചയില്ലാത്തതിനാൽ പരസഹായമില്ലാതെ ലക്ഷ്മിക്കുട്ടിഅമ്മയ്ക്ക് ദിനചര്യകൾ പോലും ബുദ്ധിമുട്ടാണ്. സഹോദരന്റെ ഭാര്യയും മക്കളും ബംഗളൂരുവിലേക്ക് താമസം മാറ്റിയതോടെ കാര്യങ്ങൾ കഷ്ടത്തിലായി.
തന്നാലാവുന്ന വിധം സഹോദരൻ പരിചരിച്ചിരുന്നെങ്കിലും പ്രായാധിക്യം മൂലമുള്ള വിഷമതകൾ അദ്ദേഹത്തെയും അലട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മിക്കുട്ടിഅമ്മയുടെ സംരക്ഷണം കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രം ഏറ്റെടുത്തത്. സമുദ്രതീരം ചെയർമാൻ റുവൽസിംഗിന്റെ നേതൃത്വത്തിൽ ലക്ഷ്മിക്കുട്ടിഅമ്മയെ തങ്ങളുടെ കൂട്ടുകുടുംബത്തിലെ അംഗമായി സ്വീകരിച്ചു.