ഗ്രേഡ് എസ്.ഐ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
പുനലൂർ: പൊതുസ്ഥലത്ത് സംഘം ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാർക്ക് നേരെ ആക്രമണം. തെന്മല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സിദ്ദിഖ്, സി.പി.ഒമാരായ അനീഷ്, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഇന്നലെ വൈകിട്ട് 5 ഓടെ ഇടപ്പാളയം ലക്ഷംവീട് കോളനിക്ക് സമീപമായിരുന്നു സംഭവം.
സി.ഐ റിച്ചാർഡ് വർഗീസിൻെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിംഗിന് പോവുകയായിരുന്നു. പൊതുസ്ഥലത്തെ മദ്യപാനം കണ്ട് പൊലീസ് എത്തിയതോടെ സംഘം ഇവർക്കുനേരെ തട്ടിക്കയറി. തുടർന്ന് വാക്കേറ്റവും ഉന്തുംതള്ളുമായി. ഇതിനിടയിലാണ് ചിലർ പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായാണ് സൂചന.