team

 കൊവിഡ് ബാധിതർക്കായി 1000 കിടക്കകൾ

കൊല്ലം: കൊവിഡിനെ പ്രതിരോധിക്കാൻ ഡിവിഷൻ തലത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർ.ആർ.ടി) പുനഃസംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളുമായി എല്ലാ ഡിവിഷനുകളിലും ആർ.ആർ.ടി യോഗങ്ങൾ ചേരും.

ഡിവിഷൻ കൗൺസിലർമാർ ചെയർമാനായും ഹെൽത്ത് ഇൻസ്‌പെക്ടർമാർ കൺവീനറുമായ സമിതികൾ ഡിവിഷനുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഷൈൻ കോംപ്ലക്സ്, പകൽവീടുകൾ എന്നിവിടങ്ങളിൽ അടക്കം 1000 രോഗികൾക്ക് കിടത്തി ചികിത്സയ്ക്കുള്ള ക്രമീകരങ്ങളും ഏർപ്പെടുത്തും. നിലവിൽ ഹോക്കി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ (സി.എഫ്.എൽ.ടി.സി) 220 രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സൗകര്യമുണ്ട്.

 ബ്രേക്ക് ദ ചെയിൻ വ്യാപിപ്പിക്കും

പൊതുജനങ്ങളുടെ ഇടയിൽ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കോർപ്പറേഷന്റെ എല്ലാ ഓഫീസുകളിലും ഘടക സ്ഥാപനങ്ങളിലും 'ബ്രേക്ക്‌ ദ ചെയിൻ' ക്യാമ്പയിൻ വ്യാപിപ്പിക്കും. മാസ്ക് ധരിക്കൽ, കൈ കഴുകൽ, സാമൂഹ്യ അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ മുതലായവയ്‌ക്കായി ബോധവത്കരണവും നടത്തും.

 25ന് ഡ്രൈ ഡേ

മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനായി 25ന് കോർപറേഷന്റെ 55 ഡിവിഷനുകളിലും 'ഡ്രൈ ഡേ ' ആചരിക്കും.