കൊല്ലം: അൻപത്തിയെട്ട് വർഷമായി പത്ര ഏജന്റും വിതരണക്കാരനുമായിരുന്ന പരവൂർ കോട്ടപ്പുറം കുളങ്ങര വീട്ടിൽ സത്യവ്രതൻ (76) അന്തരിച്ചു. തനിനിറം പത്രത്തിന്റെ വിതരണത്തിലൂടെയാണ് പത്രമേഖലയിൽ എത്തിയത്. പിന്നീട് കേരളകൗമുദി ഏജന്റായി. അരനൂറ്റാണ്ടിലേറെ ഏജന്റായി പ്രവർത്തിച്ച ഇദ്ദേഹത്തെ കേരളകൗമുദി ആദരിച്ചിരുന്നു. പുലർച്ചെ പരവൂർ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന പത്രവിതരണം പരവൂരിലും തൊട്ടടുത്തുള്ള മേഖലകളിലും തുടരും. പിന്നീട് വിവിധ പ്രസിദ്ധീകരണങ്ങളുടെ ഏജൻസി എടുക്കുകയും പത്തോളം പേരെ വിതരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സുപരിചിത മുഖമായിരുന്ന സത്യവ്രതനെ തനിനിറം സത്യനെന്നാണ് പരവൂരുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്. അടിയന്തരാവസ്ഥ കാലത്ത് പത്രത്തിൽ വാർത്ത നൽകിയതിന്റെ പേരിൽ 45 ദിവസം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. അവസാനകാലത്ത് വരെയും പത്രവിതരണത്തിന് സൈക്കിൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ചന്ദ്രികയാണ് ഭാര്യ. മക്കൾ: കെ.എസ്. ഷിബു (വിദേശം), കെ.എസ്. സച്ചിൻ (ബിസിനസ്‍). മരുമക്കൾ: ആര്യ അജയ് (അനസ്തേഷ്യ ടെക്‌നീഷ്യൻ), രമ്യ രവീന്ദ്രനാഥ് (ഫിസിയോ തെറാപ്പിസ്റ്റ്).