കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ നിന്ന് വടക്കോട്ട് മൂന്നാം കവാടത്തിലേക്കുള്ള റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നതിൽ റെയിൽവേ അധികൃതർ അനാസ്ഥ കാട്ടുകയാണെന്ന് ആരോപിച്ച് കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ നിന്ന് ആരംഭിച്ച് നവരശ്മി ജംഗ്ഷനിൽ അവസാനിക്കുന്ന തരത്തിൽ റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. 300 മീറ്റർ ദൈർഘ്യം വരുന്ന റോഡ് റെയിൽവേയുടെ സ്ഥലത്തുകൂടിയാണ് കടന്നുപോകുന്നത്. റോഡിന്റെ നിർമ്മാണത്തിനായി എ.എം. ആരിഫ് എം.പി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. റെയിൽവേയുടെ അനുവാദം ലഭിക്കാത്തതിനാലാണ് റോഡിന്റെ നിർമ്മാണം ആരംഭിക്കാത്തതെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ ആരോപണം. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് റോഡിന്റെ നിർമ്മാണം ആരംഭിച്ചാൽ വെള്ളക്കെട്ടിൽ നിന്ന് റോഡിനെ സംരക്ഷിക്കാൻ കഴിയും.
റോഡിന്റെ ദൈർഘ്യം: 300 മീറ്റർ
റോഡിന്റെ വീതി: 3 മീറ്റർ
അനുവദിച്ച തുക: 10 ലക്ഷം
റെയിൽവേ അധികൃതർ റോഡ് നിർമ്മാണത്തിന് അനുവാദം നൽകിയില്ലെങ്കിൽ അടുത്ത മാസം 5 മുതൽ പ്രത്യക്ഷ സമരം ആരംഭിക്കും.
കെ.കെ. രവി, റെയിൽവേ ആക്ഷൻ
കൗൺസിൽ ജനറൽ കൺവീനർ
ഇഴജന്തുക്കളുടെ ശല്യം
ഓച്ചിറ മുതൽ തെക്കോട്ട് പുതിയകാവ് വരെയുള ട്രെയിൻ യാത്രക്കാർ പുള്ളിമാൻ ജംഗ്ഷനിലൂടെ നവരശ്മി ജംഗ്ഷനിൽ എത്തിയാണ് നിലവിലുള്ള റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നത്. 3 മീറ്റർ വീതിയുള്ള റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും പുൽക്കാടുകൾ വളന്ന് നിൽക്കുന്നതിനാൽ പകൽ സമയത്ത് പോലും ഇഴജന്തുക്കളുടെ ശല്യം വ്യാപകമാണെന്ന് യാത്രക്കാർ പറയുന്നു.