പത്തനാപുരം: തലവൂർ സൗപർണികയിൽ സുനിൽ കുമാറിന്റെ മൃഗസ്നേഹം നാട്ടിൽപാട്ടാണ്. ഇരുപത്തഞ്ച് ദിവസം മുമ്പ് സുനിൽകുമാറിന്റെ വീട്ടിൽ പുതിയൊരു അതിഥിയെത്തി. ആള് ചില്ലറക്കാരനല്ല, മാമാങ്കം സിനിമയിൽ മെഗാസ്റ്റാറിനൊപ്പം മുഖം കാണിച്ച കാത്തിയാവാരി ഇനത്തിൽപ്പെട്ട അർജ്ജുനെന്ന കുതിരയാണ് പുതിയ അതിഥി.
തിരുവന്തപുരത്ത് നിന്ന് പത്തനാപുരത്തെ വീട്ടിൽ കൊണ്ടുവരുമ്പോൾ വലിയ വികൃതിയായിരുന്നു. അടുത്ത് ചെല്ലാനോ തൊടാനോ സമ്മതിച്ചിരുന്നില്ല. കുതിരയെ മെരുക്കാനുള്ള വിദ്യ വശമില്ലെങ്കിലും സുനിൽ കുമാറിന്റെ സ്നേഹത്തിന് മുന്നിൽ അർജ്ജുൻ മുട്ടുമടക്കി.
ഇപ്പോൾ ഈ 'സിനിമാതാരത്തെ' കാണാൻ നാട്ടുകാരുടെ തിരക്കാണ്. സ്വർണ നിറത്തിലുള്ള വാലും കുഞ്ചിരോമങ്ങളുമായി അർജ്ജുൻ നിൽക്കുന്നത് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. അർജ്ജുനൊപ്പം ഫോട്ടോയെടുക്കാനും സവാരി ചെയ്യാനുമാണ് ആളുകൾ തിരക്ക് കൂട്ടുന്നത്. അഞ്ച് വയസുകാരനായ അർജ്ജുൻ മാമാങ്കം സിനിമയുടെ ക്ലൈമാക്സിലാണ് അഭിനയിച്ചത്.
വില്ലൻ കഥാപാത്രമായ സിദ്ധിഖ് അർജ്ജുന്റെ പുറത്തുകയറിയാണ് മമ്മൂട്ടിയുടെ അടുത്തേക്ക് വരുന്നത്. തിരുവനന്തപുരം സ്വദേശിയുടെ പക്കൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ നൽകിയാണ് സുനിൽ കുമാർ അർജ്ജുനെ സ്വന്തമാക്കിത്.
വിവാഹം ഉൾപ്പെടെയുള്ള ആഘോഷ വേളകളിൽ ചെറിയ വാടക വാങ്ങി കുതിരയെ മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരംവിട്ട് നൽകാനും സുനിൽകുമാറിന് പദ്ധതിയുണ്ട്. അർജ്ജുനെ കൂടാതെ സുനിൽ കുമാറിന്റെ വീട്ടിൽ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പതിനഞ്ചിലധികം നായ്ക്കളും വിവിധയിനം പക്ഷികളുമുണ്ട്. ആനയെ വാങ്ങി പരിപാലിക്കണമെന്നതും സുനിൽകുമാറിന്റെ മോഹങ്ങളിലൊന്നാണ്.