photo
കുണ്ടറ ഇളമ്പള്ളൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ മണ്ണും കോൺക്രീറ്റ് മാലിന്യവും കൂട്ടിയിട്ടിരിക്കുന്നു

കുണ്ടറ: 'സ്വതവേ ദുർബല, ഇപ്പോൾ ഗർഭിണിയും' എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് കുണ്ടറയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ അവസ്ഥ. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വലഞ്ഞിരുന്ന സ്റ്റാൻഡിൽ ഇപ്പോൾ റോഡ് നിർമ്മാണത്തിന്റെ പേരിൽ മണ്ണും കോൺക്രീറ്റ് മാലിന്യവും കൂട്ടിയിട്ടിരിക്കുകയാണ്.

രു ബസിന് കഷ്ടിച്ച് സ്റ്റാൻഡിൽ പ്രവേശിക്കാമെന്നതാണ് നിലവിലെ സ്ഥിതി. സ്റ്റാൻഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ നേരത്തേ തന്നെ റോഡ് വക്കിലാണ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്തിരുന്നത്. ഇപ്പോൾ വഴികൂടി അടഞ്ഞതിനാൽ ബസുകളെല്ലാം ഇളമ്പള്ളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലും മറ്റുമായി റോഡുകളിൽ നിറയുകയാണ്.

 അകലെയകലെ

ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ മാറി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്തായാണ് കുണ്ടറയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ടൗണിലെത്തുന്നവർ ബസ് കയറാൻ സ്റ്റാൻഡിലേക്ക് പോകാറില്ല. രണ്ട് റെയിൽവേ സ്റ്റേഷനുകളുള്ള കുണ്ടറ പട്ടണത്തിൽ സ്വകാര്യ ബസുകൾക്കും യാത്രക്കാർക്കും വന്നുപോകാൻ സൗകര്യപ്രദമായി ദേശീയപാതയോട് ചേർന്ന് സ്റ്റാൻഡ് അനുവദിക്കാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

 സൗകര്യങ്ങൾ സ്വപ്നങ്ങളിൽ

ബസുകൾ പാർക്ക് ചെയ്യാൻ സ്ഥലമൊരുക്കിയെന്നതിനപ്പുറം വികസന പദ്ധതികളൊന്നും നടപ്പാക്കാൻ പഞ്ചായത്ത് തയ്യാറായിരുന്നില്ല. യാത്രക്കാർക്ക് കയറിനിൽക്കാനോ ഇരിക്കാനോ ഉള്ള സൗകര്യങ്ങൾ പോലും കുണ്ടറ സ്വകാര്യ ബസ് സ്റ്റാൻഡിലില്ല. പെട്ടിക്കടയ്ക്ക് സമാനമായ ഒരു കാത്തിരിപ്പ് കേന്ദ്രം മാത്രമാണ് ആകെയുള്ളത്. വയലരികിൽ സ്ഥിതി ചെയ്യുന്നതിനാൽ മഴക്കാലത്ത് ഇവിടമാകെ വെള്ളക്കെട്ടാവും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പ്രവർത്തനം അവതാളത്തിലായ ബസ് സ്റ്റാൻഡ് ആർക്കും പ്രയോജനമില്ലാതാവുകയാണ്.

 മുക്കിലും മൂലയിലും പാർക്കിംഗ്

കുണ്ടറയിൽ ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും റോഡരികിലാണ് സ്വകാര്യ ബസുകൾ അധികവും പാർക്ക് ചെയ്യുന്നത്. ഇളമ്പള്ളൂരിലെ വേലുത്തമ്പി സ്മാരകത്തിന് സമീപമാണ് പ്രധാന പാർക്കിംഗ് സ്ഥലം. ആശുപത്രി മുക്കിലും മുക്കടയിലും ഇളമ്പള്ളൂരുമൊക്കെ സൗകര്യമുള്ള ഇടങ്ങളിൽ ഏറെനേരം നിറുത്തിയിടുന്നതും പതിവാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായ പട്ടണത്തിൽ ബസുകളുടെ അനധികൃത പാർക്കിംഗ് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്.

 ഹൈടെക് ബസ് സ്റ്റാൻഡ് വേണം

ഇളമ്പള്ളൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡ് ഉചിതമായ സ്ഥലത്തല്ല പ്രവർത്തിക്കുന്നത്. മതിയായ സൗകര്യങ്ങളോടെ പട്ടണത്തോട് ചേർന്ന് ഹൈടെക് നിലവാരത്തിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണം. റോഡരികിൽ ബസുകൾ പാർക്ക് ചെയ്യുന്ന രീതി മാറണം. സ്റ്റാൻഡിന്റെ പ്രവർത്തനം കാര്യക്ഷമമാകാൻ അധികൃതരുടെ ഇടപെടലുണ്ടാകണം.

(അനീഷ് വ്ളാവേത്ത്, പൊതുപ്രവർത്തകൻ)