കൊട്ടാരക്കര: ടൗണിൽ സമാന്തര പാത നിർമ്മിക്കാനുള്ള നഗരസഭ ചെയ‌ർമാൻ എ.ഷാജുവിന്റെ നീക്കം അഴിമതി നടത്താനാണെന്ന് ബി.ജെ.പി നഗരസഭ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കുലശേഖരനല്ലൂർ ഏലാ നികത്തി റോഡ് നിർമ്മിക്കാനാണ് നഗരസഭ ചെയർമാൻ പദ്ധതിയിട്ടത്. ഭൂമാഫിയകളുമായി ചേർന്ന് വൻ അഴിമതി നടത്താനായിരുന്നു ഈ ശ്രമം. ബി.ജെ.പി നഗരസഭ കമ്മിറ്റി പ്രസിഡന്റ് അനീഷ് കിഴക്കേക്കരയും ജനറൽ സെക്രട്ടറി രാജീവ് കുമാർ കേളമത്തും ഇതിനെതിരെ കോടതിയെ സമീപിക്കുകയും റോഡ് നിർമ്മാണം സ്റ്റേ ചെയ്തുകൊണ്ട് കൊട്ടാരക്കര മുൻസിഫ് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ സ്റ്റേ ഉത്തരവ് റദ്ദു ചെയ്തതായും നിർമ്മാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്നും നഗരസഭ ചെയർ‌മാൻ എ.ഷാജുവും കൗൺസിലർ വനജ രാജീവും അഭിഭാഷകൻ സാം.ജെ.സാമും പ്രസ്താവന നടത്തിയിരുന്നു. താത്കാലിക നിരോധന ഉത്തരവ് സ്ഥിരപ്പെടുത്തിയ കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇവരുടെ പ്രസ്താവനയെന്നും ഇത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയ്യുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ അരുൺ കാടാംകുളം, അനിൽ കിഴക്കേക്കര, ഗിരീഷ് കാടാംകുളം, ശ്രീരാജ് പടിഞ്ഞാറ്റിൻകര, രാജൻ പുലരി, സബിത എന്നിവർ പങ്കെടുത്തു.

നിയമപരമായി റോഡ് നിർമ്മിക്കും : എ.ഷാജു, നഗരസഭ ചെയർമാൻ

നഗരസഭയുടെ വാദം കേട്ടശേഷം നിയമപരമായ രീതിയിൽ റോഡ് നിർമ്മിക്കാമെന്നാണ് കോടതിയുടെ നിർദ്ദേശം. താലൂക്ക് ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണ് ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുക. ലവലേശം അഴിമതി നടത്താതെയാണ് ഇതുമായി മുന്നോട്ടുപോകുന്നത്. എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തി റോഡ് നിർമ്മിക്കും. കുലശേഖരനല്ലൂർ ക്ഷേത്ര ഭരണസമിതി അനുകൂലമായ കത്ത് നൽകിയിട്ടുണ്ട്. സമുദായ സംഘടനകൾ പുതിയ റോഡിനെ സ്വാഗതം ചെയ്ത് പ്രമേയം പാസാക്കി. നാട്ടുകാർ ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.