കൊല്ലം: കൊവിഡ് വ്യാപനത്തിനൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വർദ്ധിച്ചതോടെ ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐ.സിയുകൾ നിറയുന്നു. ജില്ലാ ആശുപത്രിയിൽ ആകെയുള്ള 25 ഐ.സി.യു കിടക്കകളിൽ ഒന്ന് പോലും ഒഴിവില്ല. കൊവിഡ് വ്യാപനം കുറഞ്ഞതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അടച്ച നാലാമത്തെ ഐ.സി.യു വാർഡ് ഇന്ന് തുറക്കും. ഇവിടുത്തെ 64 ഐ.സി.യു കിടക്കകളിൽ 40 എണ്ണത്തിലും രോഗികളുണ്ട്.
ജില്ലാ ആശുപത്രിയിൽ ഐ.സി.യു നിറഞ്ഞതോടെ നിരവധി രോഗികളെ ഓക്സിജൻ സംവിധാനത്തോടെ വാർഡുകളിൽ കിടത്തിയിരിക്കുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലും സമാനമായ സ്ഥിതിയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൂടുതൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. രണ്ടിടങ്ങളിലും കൂടുതൽ ഐ.സി.യു കിടക്കകൾ സജ്ജമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലെ ഐ.സി.യുകളിലും കൊവിഡ് ബാധിതർ ചികിത്സയിലുണ്ട്. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നൂറിലധികം കിടക്കകളുള്ള സ്വകാര്യ ആശുപത്രികളോട് ഐ.സി.യുകൾ കൊവിഡ് ബാധിതർക്കായി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രി, ചികിത്സയിലുള്ളവർ, ഐ.സി.യു കിടക്കകൾ, ഐ.സി.യുവിൽ ഉള്ളവർ
പാരിപ്പള്ളി മെഡിക്കൽ കോളേജ് - 118, 64, 40
ജില്ലാ ആശുപത്രി - 110, 25, 25
കൂടുതൽ പേർക്കും ന്യൂമോണിയ
ഇപ്പോൾ ഗുരുതരാവസ്ഥയിൽ ഉള്ളവരിൽ പലർക്കും കൊവിഡ് മൂർച്ഛിച്ച് ന്യൂമോണിയ ആയവരാണ്. പലർക്കും ശ്വാസതടവും ഉണ്ടാകുന്നുണ്ട്. ഇപ്പോൾ ഐ.സി.യുവിൽ കഴിയുന്നവരിൽ അധികവും യുവാക്കളാണ്. നേരത്തെ പ്രായമുള്ളവരാണ് കൊവിഡ് ബാധിച്ച് കൂടുതലായി ഗുരുതരാവസ്ഥയിലായിരുന്നത്.