കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ സംരക്ഷണത്തിലേക്ക് മാറ്റിയ കൊല്ലം, മുണ്ടയ്ക്കൽ, കിഴക്ക് കടയഴികം വീട്ടിൽ വിശാലാക്ഷിയുടെയും (77) ഭിന്നശേഷിക്കാരനായ മകൻ സുധീഷ്‌കുമാറിന്റെയും (41) സംരക്ഷണം മൂത്തമകനും ഭാര്യയും ഏറ്റെടുക്കുമെന്ന് അറിയിച്ചു. സ്വത്ത് തർക്കത്തിന്റെ പേരിൽ ഉപദ്രവം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിനാലാണ് ജില്ലാ ഭരണകൂടം ഇവരെ ഗാന്ധിഭവന്റെ സംരക്ഷണത്തിലാക്കിയത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും 'അമ്മ ഇടയ്ക്കിടെ ഇത്തരം വ്യാജപരാതികൾ നൽകാറുണ്ടായിരുന്നുവെന്നും മൂത്തമകൻ പറയുന്നു.
മൂന്ന് ആൺമക്കളും ഒരു മകളുമുള്ള വിശാലാക്ഷിയുടെ ഭർത്താവ് മക്കളുടെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചുപോയതാണ്. പതിനാല് വർഷത്തിലേറെയായി മൂത്തമകൻ കുടുംബവീടിനടുത്ത് സ്വന്തം സ്ഥലത്തുള്ള വീട്ടിലാണ് താമസം. ഒപ്പം താമസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അമ്മ അറിയിച്ചതിനെ തുടർന്ന് കുംബവീട്ടിലെ ചെലവും സംരക്ഷണവും താൻ തന്നെയാണ് നടത്തുന്നത്. തുടർന്നും സംരക്ഷണം എറ്റെടുക്കുമെന്നും മൂത്തമകൻ അറിയിച്ചു. അധികൃതരുമായി ബന്ധപ്പെട്ട് പരാതിയിൽ കഴമ്പില്ലെന്ന് ബോദ്ധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജില്ലാകളക്ടർക്ക് വിശാലാക്ഷി നൽകിയ പരാതി കളക്ടറുടെ അഭാവത്തിൽ ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ ആസിഫ് കെ. യൂസഫ് ഇടപെട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും അമ്മയ്ക്കും മകനും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വിശാലാക്ഷിയുടെയും മകൻ സുധീഷ്‌ കുമാറിന്റെയും സംരക്ഷണത്തിനായി ഗാന്ധിഭവനെ ചുമതലപ്പെടുത്തിയത്.