കുന്നിക്കോട് : പത്തനാപുരം താലൂക്കിൽ പിറവന്തുർ വില്ലേജിൽ കറവൂർ-അച്ചൻകോവിൽ റൂട്ടിൽ കുടമുക്ക് വെരുകുഴി ഭാഗത്ത് എക്സൈസ് നടത്തിയ റെയ്‌ഡിൽ വൻ കോടശേഖരം കണ്ടെത്തി. വാറ്റാനായി പാകപ്പെടുത്തിയ 1105 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് കണ്ടെത്തിയത്.പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ വി.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വൈ.അനിൽ, ആർ.അനീഷ് കുമാർ ,എസ്.വിനീത്, എക്സൈസ് ഡ്രൈവർ എസ്.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.