പൊലീസിനെ അറിയിച്ചത് ബന്ധു
അമ്മയും മകനും ഭാര്യയും കസ്റ്റഡിയിൽ
ഇന്ന് തെളിവെടുപ്പ്
അഞ്ചൽ: സ്വന്തം വീട്ടിൽവച്ച് സഹോദരനുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട യുവാവിനെ അമ്മയുടെ ഒത്താശയോടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടതായി വെളിപ്പെടുത്തൽ. രണ്ടര വർഷം മുമ്പ് നടന്ന സംഭവം അമ്മ നടത്തിയ പരാമർശത്തിലൂടെ അറിഞ്ഞ ബന്ധു പൊലീസിനെ അറിയിക്കുകയായിരുന്നു.
. ഭാരതീപുരം പഴയേരൂർ തോട്ടം മുക്ക് പള്ളിമേലതിൽ ഷാജി പീറ്ററാണ് (44, കരടി ഷാജി) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഷാജിയുടെ മാതാവ് പൊന്നമ്മ (62), ഇളയ മകൻ സജിൻ പീറ്റർ (40), ഭാര്യ ആര്യ (35) എന്നിവരെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർ.ഡി.ഒ, ഫോറൻസിക് സംഘം, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.
ഷാജിയുടെ മാതൃസഹോദരി പുത്രനും പത്തനംതിട്ട സ്വദേശിയുമായ റോയി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നൽകിയ മൊഴിയിലൂടെയാണ് കൊലപാതകം പുറത്തറിയുന്നത്.
പൊലീസ് പറയുന്നത്: 2018 ലായിരുന്നു സംഭവം. പൊന്നമ്മയും സജിൻ പീറ്ററും ഭാര്യയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതനായ ഷാജി വല്ലപ്പോഴുമാണ് വീട്ടിലെത്തുക. ഓണത്തിന് വീട്ടിലെത്തിയ ഷാജി അനുജന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി. തുടർന്നുണ്ടായ വാക്കേറ്റത്തിൽ സജിൻ പീറ്റർ കമ്പിവടിക്ക് ഷാജിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കാനും കേസിൽനിന്ന് രക്ഷപ്പെടാനും മൂവരും ചേർന്ന് മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു.
ഷാജിയെ തിരക്കുന്നവരോട് നാടുവിട്ട് പോയെന്നും മലപ്പുറത്തുണ്ടെന്നുമാണ് പൊന്നമ്മ പറഞ്ഞിരുന്നത്. ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയ റോയിയോട് സംഭാഷണമദ്ധ്യേ ഷാജി കൊല്ലപ്പെട്ടതാണെന്നും മൃതദേഹം വീടിനരികിലെ കിണറിന് സമീപം കുഴിച്ചിട്ടെന്നും പൊന്നമ്മയാണ് പറഞ്ഞത്. മടങ്ങിപ്പോയ റോയി ഇക്കാര്യം പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിൽ അറിയിക്കുകയായിരുന്നു. വിവരം പുനലൂർ ഡിവൈ.എസ്.പിക്ക് കൈമാറി. പ്രാഥമികാന്വേഷണം നടത്തിയ ഏരൂർ സി.ഐ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അമ്മയെയും സഹോദരനെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
''
മൃതദേഹം കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് ഇന്ന് പരിശോധന നടത്തും. ഇതിനു ശേഷമേ കൂടുതൽ അന്വേഷണം ഉണ്ടാകൂ.
എസ്.എൻ. സന്തോഷ് കുമാർ
പുനലൂർ ഡിവൈ.എസ്.പി