കൊല്ലം: സാമൂഹ്യ പോരാട്ടത്തിൽ നാടകത്തിന്റെ ശക്തി ചെറുതല്ലെന്ന് നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ പറഞ്ഞു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഗാന്ധിഭവൻ നാടകോത്സവത്തിന്റെ ഭാഗമായി 'ജനകീയ കലകളുടെ പ്രസക്തി അന്നും ഇന്നും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം സൃഷ്ടിച്ച വിപ്ലവം ചെറുതായിരുന്നില്ല. എന്നാൽ സിനിമയ്ക്ക് പിന്നാലെയാണ് കലാസ്വാദകർ. പുതുതലമുറയും വരുംതലമുറയും നാടകത്തിൽ നിന്ന് അകന്നുപോകാത്തവിധം അതിന്റെ മൂല്യം വർദ്ധിപ്പിക്കണമെന്നും വിപണനമൂല്യം കൂടി ലക്ഷ്യമിടണമെന്നും രാജേന്ദ്രൻ പറഞ്ഞു.
സി.ആർ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, പുരോഗമന കലാസാഹിത്യ സംഘം ദക്ഷിണ മേഖലാ സെക്രട്ടറി ഡി. സുരേഷ്കുമാർ, തപസ്യ കലാസാംസ്കാരിക കേന്ദ്രം രക്ഷാധികാരി ഡോ. വി.എസ്. രാധാകൃഷ്ണൻ, സന്ധ്യാ രാജേന്ദ്രൻ, പി.എസ്. അമൽരാജ്, കെ.പി.എ.സി. ലീലാകൃഷ്ണൻ, ജോർജ് എഫ്. സേവ്യർ വലിയവീട് തുടങ്ങിയവർ സംസാരിച്ചു.