തഴവ: കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് കുലശേഖരപുരത്ത് സ്രവ പരിശോധന വ്യാപകമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഫലം വന്നതുൾപ്പടെ പഞ്ചായത്തിൽ 289 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ചായിരുന്നു രോഗികൾ കൂടുതൽ. എന്നാൽ പരിശോധന വ്യാപിപ്പിച്ചതോടെ ഭൂരിഭാഗം വാർഡുകളിലും രോഗസാന്നിദ്ധ്യം കണ്ടെത്തി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശത്ത് ആരോഗ്യപ്രവർത്തകരും പൊലീസും നീരീക്ഷണം ശക്തമാക്കി.
കച്ചവട സ്ഥാപനങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ നിരന്തര പരിശോധന നടത്തി ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി. ജനചന്ദ്രന്റെ നേതൃത്വത്തിലാണ് പൊതു പരിശോധന നടക്കുന്നത്. ഇന്ന് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സൂരജ് അറിയിച്ചു.