കൊല്ലം: ജില്ലയിൽ വ്യാഴാഴ്ച ഏകദേശം നാല്പതിനായിരം ഡോസ് കൊവിഡ് പ്രതിരോധ വാക്സിനെത്തും. ഇതിന്റെ മുക്കാൽഭാഗം കൊവിഷീൽഡ് ആയിരിക്കുമെന്നാണ് അറിയിപ്പ്. ഇതോടെ പ്രതിസന്ധിയിലായ രണ്ടാം ഡോസ് വാക്സിനേഷൻ കാര്യക്ഷമമാകും.
ജില്ലയിൽ ആദ്യമെത്തിയത് കൊവിഷീൽഡായിരുന്നു. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ എല്ലാവർക്കും കൊവിഷീൽഡാണ് നൽകിയത്. ഇവരിൽ വലിയൊരു വിഭാഗത്തിന് ഇപ്പോൾ രണ്ടാം ഡോസ് എടുക്കേണ്ട സമയമായി. പക്ഷെ കഴിഞ്ഞ രണ്ടാഴ്ചയായി ചെറിയ അളവിലാണ് കൊവിഷീൽഡ് എത്തിയിരുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഡോസ് എടുക്കാനെത്തിയ പലരും വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിരാശരായി മടങ്ങി.
ഇപ്പോൾ ജില്ലയിൽ ഏകദേശം എണ്ണായിരം ഡോസ് വാക്സിനാണ് അവശേഷിക്കുന്നത്. സ്റ്റോക്ക് കുറവായതിനാൽ ഇന്നലെ 29 കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിനേഷൻ നടന്നത്. ഇന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള പതിവ് കുത്തിവയ്പുകൾ ഉള്ളതിനാൽ കൊവിഡ് വാക്സിനേഷൻ ഉണ്ടാകില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയം തുടങ്ങി നാല് കേന്ദ്രങ്ങളിൽ മാത്രമാകും ഇന്ന് വാക്സിനേഷൻ. ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാൽ വ്യാഴാഴ്ച 20ൽ താഴെ കേന്ദ്രങ്ങളിലേ വാക്സിനേഷൻ നടക്കൂ. അന്ന് കൂടുതൽ സ്റ്റോക്ക് എത്തുന്നതിനാൽ തൊട്ടടുത്ത ദിവസം മുതൽ മുഴുവൻ കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കാനാണ് ആലോചന.