കൊട്ടാരക്കര: കൊവിഡിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കരുതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾ വഴിയുള്ള കൊവിഡ് വ്യാപനം താരതമ്യേന വളരെ കുറവാണെന്ന് അസോസിയേഷൻ ഭാരവാഹികളായ സി.എസ്. മോഹൻദാസും ദുർഗാ ഗോപാലകൃഷ്ണനും പറഞ്ഞു. കൊവിഡ് ഒന്നാം ഘട്ടത്തിൽ നിരവധി വ്യാപാരികൾ സ്ഥാപനങ്ങൾ പൂട്ടിപോയിട്ടുണ്ട്. ബാങ്ക് വായ്പയും പണയവും ലോണും എടുത്ത് വ്യാപാരം നടത്തിയിരുന്ന വ്യാപാരികളിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. സാനിറ്റൈസറും സന്ദർശക
രജിസ്റ്ററും മറ്റു മതിയായ രേഖകളുമുണ്ടെങ്കിലും നിസാര കാരണങ്ങൾ
കണ്ടെത്തി വ്യാപാരികളെ നിരന്തരം ദ്രോഹിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പരാതിപ്പെട്ടു.
അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് എം.ഷാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് സി.എസ്.മോഹൻദാസ്, ജനറൽ സെക്രട്ടറി വൈ. സാമുവൽകുട്ടി, ട്രഷറർ കെ.കെ. അലക്സാണ്ടർ, വൈസ് പ്രസിഡന്റുമാരായ വി.സി.പി.ബാബുരാജ്,ടി.എം. അലക്സാണ്ടർ, മോഹൻ ജി.
നായർ, സെക്രട്ടറിമാരായ ദുർഗാ ഗോപാലകൃഷ്ണൻ, റജി നിസാം, ഷാജഹാൻ, ഷിബി ജോർജ്, നൗഷാദ് എന്നിവർ സംസാരിച്ചു.