ഓച്ചിറ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കരയോഗങ്ങൾ കേന്ദ്രീകരിച്ച് മെഗാ കൊവിഡ് ടെസ്റ്റ് നടത്തുന്നു. ഇന്നലെ ചെറിയഴീക്കൽ അരയവംശ പരിപാലന യോഗത്തിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. മുന്നൂറോളം പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. തുടർന്നും ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിജി, സരിതാ ജനകൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, കരയോഗം പ്രസിഡന്റ് ലാലു, സ്റ്റാഫ് നഴ്സുമാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.