pizha

 ബൈക്കിൽ സാമൂഹിക അകലമില്ലെന്ന് കേസ്

കൊല്ലം: ഇന്നലെ രാവിലെ പത്തുമണി, സ്ഥലം കടപ്പാക്കട. അഷ്ടമുടി സ്വദേശിയായ രാജനും സുഹൃത്തും സ്‌കൂട്ടറിൽ വരുന്നതിനിടെ പൊലീസ് കൈകാണിച്ചു. 'വാഹനം സൈഡാക്കിക്കോ, ബുക്കും പേപ്പറുമൊക്കെ എടുത്തോണ്ട് വരൂ', ഈസ്റ്റ് പൊലീസ് ഉത്തരവിട്ടതോടെ രേഖകളെല്ലാം ഹാജരാക്കി.

അഞ്ഞൂറ് രൂപ പിഴയടക്കണമെന്ന് കേട്ടതോടെ രാജനൊന്ന് ഞെട്ടി. പേപ്പറെല്ലാം കറക്ടല്ലേ, ഹെൽമറ്റും ഉണ്ടായിരുന്നല്ലോ. ഇങ്ങോട്ടൊന്നും പറയണ്ട പിഴ അടച്ചിട്ട് പോയാൽ മതി. ഏമാന്റെ ശാഠ്യത്തിന് മുന്നിൽ അവസാനം പിഴ അടച്ചു. എന്തിനാണെന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു സാറെ എന്ന ചോദ്യത്തിന് ബൈക്കിൽ സാമൂഹിക അകലം പാലിച്ചില്ലെന്നായിരുന്നു മറുപടി.

രസീതിലും എഴുതിയത് സാമൂഹിക അകലം പാലിക്കാത്തതിനായുള്ള 3 (ബി) കെ.ഇ.ഡി.ഒ എന്ന വകുപ്പ് തന്നെയാണ്.
സ്‌കൂട്ടർ സർവീസിന് നൽകിയ ശേഷം സുഹൃത്തുമായി ബൈക്കിൽ മടങ്ങുകയായിരുന്നു രാജൻ. രാജനെ പോലെയുള്ള നിരവധിപേർക്കാണ് ഇന്നലെ ഇത്തരത്തിൽ അനാവശ്യ പിഴ ഈടാക്കേണ്ടി വന്നത്.

 ടാർജറ്റ് തികയ്ക്കാൻ തോന്നുംപടി

കൊവിഡ് നിയന്ത്രണ പരിശോധനകളുടെ പേരിൽ ടാർജറ്റ് തികയ്ക്കാൻ പൊലീസ് തോന്നുംപടിയാണ് പിഴ ഈടാക്കുന്നത്. മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാണ് പൊലീസ് ടീമുകളെ ചുമതലപ്പെടുത്തിയത്. എന്നാൽ ഓരോ ടീമും പ്രതിദിനം 100 പേരിൽ നിന്നായി പിഴയീടാക്കുകയോ അത്രതന്നെ കേസെടുക്കുകയോ ചെയ്യണമെന്നാണ് നിർദ്ദേശം.

''

അനാവശ്യ പിഴ അടപ്പിച്ചതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് പരാതി നൽകും.

രാജൻ