covid

കൊല്ലം: ജില്ലയിൽ കൊവിഡ് രോഗവ്യാപന നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഇന്നും നാളെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മെഗാ ടെസ്റ്റ് ഡ്രൈവ് നടത്തും. പത്തിന് മുകളിൽ രോഗവ്യാപന നിരക്കുള്ള പഞ്ചായത്തുകളിൽ പ്രതിദിനം 500 സാമ്പിളുകളും അഞ്ചിനും പത്തിനും ഇടയിലുള്ളവയിൽ 300 സാമ്പിളുകളും അഞ്ചിൽ താഴെയുള്ള ഇടങ്ങളിൽ 200 സാമ്പിളുകളും ശേഖരിക്കും.

ചവറയിലെ ഇന്ത്യൻ റെയർ ഏർത്ത്‌സിലെയും( ഐ.ആർ.ഇ) കെ.എം.എം.എല്ലിലെയും ജീവനക്കാർക്കും ടെസ്റ്റിംഗ് ക്യാമ്പ് നടത്തും. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ഒരാൾ വീതം പരിശോധനയ്ക്ക് വിധേയരാകണം. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെയും ഇൻഫ്ളുവൻസ, ഗുരുതര ശ്വാസകോശ രോഗങ്ങൾ എന്നിവ ഉള്ളവരെയും പരിശോധിക്കും. താലൂക്ക് ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളെയും കൂട്ടിരിപ്പുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും. അഞ്ച് ശതമാനം ആരോഗ്യവകുപ്പ് ജീവനക്കാർക്കും പ്രതിദിനം പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.ശ്രീലത അറിയിച്ചു.

 ഇന്ന്


കശുഅണ്ടി ഫാക്ടറികൾ, റെയിൽവേ സ്റ്റേഷൻ, ജില്ലാ ജയിൽ, കൊട്ടാരക്കര സബ് ജയിൽ, ഡ്രൈവിംഗ് സ്‌കൂളുകൾ, ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജൂവലറികൾ, തുണിക്കടകൾ


 6,000 സാമ്പിളുകൾ ശേഖരിക്കും

രോഗവ്യാപന നിരക്ക് കൂടുതലുള്ള മേഖലകൾ കണ്ടെത്തി ആരോഗ്യ വകുപ്പ് 6,000 സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. രോഗവ്യാപനനിരക്ക് 20ന് മുകളിലുള്ള പൂയപ്പള്ളി, കുലശേഖരപുരം, തെന്മല, ഏരൂർ, ഇളമാട് പഞ്ചായത്തുകളിലും വ്യാപന നിരക്ക് കുറഞ്ഞ ഈസ്റ്റ് കല്ലട, ഇരവിപുരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയുള്ള പ്രദേശങ്ങളിലും സ്രവ പരിശോധന നടത്തും.