waste-managmnet
waste managmnet

കൊട്ടാരക്കര : പൊതുസ്ഥലങ്ങളിലും റോഡരികിലും മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശസ്വയംഭരണവകുപ്പും പൊലീസും മോട്ടോർവാഹന വകുപ്പും പരാജയപ്പെട്ടിടത്ത് ജനകീയ കൂട്ടായ്മ വിജയം കണ്ടെത്തി . റോഡരികിൽ തള്ളിയ മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകമാത്രമല്ല അവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു.

മുന്നറിയിപ്പായി ശിക്ഷ

ഒരാഴ്ചമുമ്പാണ് കൊട്ടാരക്കര പെരുംകുളത്ത് റോഡരികിലായി ഒന്നര കിലോമീറ്റർ ദൂരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ രാത്രിയിൽ വലിച്ചെറിഞ്ഞത്. സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെരുംകുളത്തെ ജനകീയ കൂട്ടായ്മയായ പ്രജയുടെ പ്രവർത്തകർ പൊലീസിനും മറ്റ് അധികാരികൾക്കും പരാതി നൽകിയിരുന്നു. എന്നാൽ നടപടികൾ നീണ്ടുപോയതോടെ ജനകീയ കൂട്ടായ്മയിലെ പ്രവർത്തകർ തന്നെ സി.സി. ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലൂടെ മാലിന്യം തള്ളിയവരെ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസിനും വിവരം കൈമാറിയതോടെ കുറ്റക്കാരെ സ്‌റ്റേഷനിൽ വിളിച്ച് വരുത്തി. പൊലീസിന് മുന്നിൽ നടത്തിയ ചർച്ച പ്രകാരം പ്രതികൾ കുറ്റം സമ്മതിച്ചതോടെ പരാതി പിൻവലിക്കാമെന്ന് കൂട്ടായ്മ പറഞ്ഞു. എന്നാൽ ഒരുനിബന്ധന പൊലീസിന് മുന്നിൽ വെച്ചു. മാലിന്യം തള്ളിയവർ തന്നെ അവ തിരികെ എടുക്കണം പകരം അവരുടെ കൈകൊണ്ട് തന്നെ ഒരുതണൽ മരം നടണം. തെറ്റ് ചെയ്തവർ സമ്മതിച്ചതോടെയാണ് മാലിന്യം തള്ളുന്നവർക്കെല്ലാം മുന്നറിയിപ്പായി ശിക്ഷ നടപ്പിലാക്കിയത്.

കൂട്ടായ്മയുടെ വിജയം

മാലിന്യം തള്ളിയവർ അവശിഷ്ടങ്ങൾ വാരിമാറ്റുകയും പൊതുസ്ഥലത്ത് ഒരുനെല്ലിമരം വെച്ചുപിടിപ്പിക്കുകയും ചെയ്തു. കൊട്ടാരക്കര നഗരസഭാ കൗൺസിലർ ഗിരീഷിന്റെയും പ്രജ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പരിപാടികൾ പൂർത്തിയാക്കിയത്. മാലിന്യം തള്ളിയവർക്ക് നല്ല ചിന്തയും ദേശസ്‌നേഹവും ഉണ്ടാകാൻ രാഷ്ട്രപിതാവിന്റെ ആത്മകഥയും മാലിന്യം തള്ളിയവർക്ക് കൈമാറി. പൊതുസ്ഥലങ്ങളും റോഡരികും കുടിവെള്ള സ്രോതസും എന്തും വലിച്ചെറിഞ്ഞ് മലിനമാക്കുന്നവരെ തടയാൻ നാട്ടുകാർ ശ്രമിച്ചാൽ നടക്കുമെന്നതിന്റെ തെളിവാണ് പെരുംകുളത്തെ പ്രജയുടെ ജനകീയ കൂട്ടായ്മ നേടിയെടുത്ത വിജയം സാക്ഷ്യപ്പെടുത്തുന്നത്.