poli
കൊവിഡ് രണ്ടാം ഘട്ട വ്യാപനങ്ങളെ തുടർന്ന് തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലിസ് ഔട്ട് പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്ന പൊലിസ്

പുനലൂർ:കൊവിഡ് രണ്ടാം ഘട്ട വ്യാപനങ്ങളെ തുടർന്ന് തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കി. പൊലിസ്, റവന്യൂ, ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന പുനരാരംഭിച്ചത്.തമിഴ്നാട്ടിൽ നിന്ന് എത്തുന്നവരുടെ താപനിലയും ഇവർ എത്തുന്ന വാഹനങ്ങളുടെ രജിസ്റ്റർ നമ്പരും പേര് വിവരങ്ങളും ഉൾപ്പെടുത്തിയുളള പാസും പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.തുടർന്ന് പാസ് പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കും.ഇത് കൂടാതെ കേരളത്തിലേക്ക് വരുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് രേഖ ഹാജരാക്കണം. രേഖയില്ലാത്തവർ രണ്ട് ദിവസത്തിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരിക്കണം. അത് വരെ ഇവർ വീടുകളിൽ കർശന നിരീക്ഷണങ്ങളിൽ കഴിയണം.അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി വഴി എത്തുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടൽ വഴി പാസ് രജിസ്ട്രേഷൻ നടത്തിയിരിക്കണം.അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും അവരുടെ പേര് വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിച്ച് വരികയാണ്.തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വന മേഖയിലേക്കുള്ള ഇട റോഡുകളിലും വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, പുനലൂർ ഡിവൈ.എസ്.പി.എം.എസ്.സന്തോഷ് തുടങ്ങിയവർ പരിശോധനകൾ വിലയിരുത്തി വരികയാണ്.എന്നാൽ കഴിഞ്ഞ വർഷം പുനലൂർ-തെങ്കാശി റെയിൽ ലൈനുകളിലും ട്രണലുകളിലും നടത്തിയിരുന്ന പരിശോധന ഇത്തവണ പുനരാരംഭിച്ചിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.