കുന്നത്തൂർ : കവിതയിലെ നൂതന പരീക്ഷണങ്ങൾക്ക് എൽ.ആർ. രേഷ്മയെ (23) തേടിയെത്തിയത് ഗ്രാന്റ് മാസ്റ്റർ പദവിയോടെ ഏഷ്യാ ബുക്ക് ഒഫ് റെക്കാർഡ്സ്. കവിതയിൽ ആംഗലേയ അക്ഷരമാലയിലെ എ മുതൽ ഇസഡ് വരെയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് 78 അനുപ്രാസ വരികൾ രചിച്ചതാണ് രേഷ്മയെ ബഹുമതിക്ക് അർഹയാക്കിയത്. മുമ്പ് ഇന്ത്യാ ബുക്ക് ഒഫ് റെക്കാർഡ്സും കരസ്ഥമാക്കിയിട്ടുണ്ട്. ഇല്ലായ്മയുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളോട് പടവെട്ടിയാണ് ആരും കൊതിക്കുന്ന നേട്ടങ്ങൾ ഈ മിടുക്കി സ്വന്തമാക്കുന്നത്. കുടുംബത്തിന്റെ പൂർണ പിന്തുണയാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് രേഷ്മ പറയുന്നു.
മാജിക് ഒഫ് ബിയിംഗ് എ വിമൺ, കെറ്റിൽ ഒഫ് പൊയറ്റ്റി വിത്ത് എ കപ്പ് ഒഫ് കോഫി, ഫ്ളയിംഗ് പൊയറ്റിക്സ്, കണക്റ്റഡ് ബൈ ഹാർട്ട് തുടങ്ങി നിരവധി കവിതകൾ അടങ്ങിയ 'അൺ സ്ട്രോംഗ് നോട്ട്സ്' എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവുകൂടിയാണ് രേഷ്മ. 31 രാജ്യങ്ങളിലെ ഇംഗ്ലീഷ് സാഹിത്യ പ്രവർത്തകർ പങ്കെടുത്ത ഓൾ ഇന്ത്യാ ഫോറം ഫോർ ഇംഗ്ലീഷ് സ്റ്റുഡന്റ് സ്കോളേർസ് ആൻഡ് ട്രെയിനേഴ്സ് നടത്തിയ കവിതാമത്സരത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. മികച്ച നവാഗത എഴുത്തുകാരി എന്ന നിലയിൽ 2021ലെ ചെറി ബുക്ക് അവാർഡും മികച്ച കവിതാ സമാഹാരത്തിന് ഇന്ത്യൻ പ്രൊഫഷണൽ അവാർഡും നേടിയിട്ടുണ്ട്. ഇതിനുപുറമേ പ്രസംഗവേദികളിലൂടെയും നിരവധി പുരസ്കാരങ്ങൾ രേഷ്മയെത്തേടിയെത്തി. അടൂർ സെന്റ് സിറിൾസ് കോളേജിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ രേഷ്മ കുന്നത്തൂർ മാനാമ്പുഴയിൽ വലിയവിള വടക്കതിൽ റെജിയുടെയും ലാലിമോളുടെയും മകളാണ്. ഡിഗ്രി വിദ്യാർത്ഥിയായ റോഷൻ റെജി സഹോദരനാണ്.