pho

 മരംവെട്ട് തൊഴിലാളി അറസ്റ്റിൽ

പുനലൂർ: മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു. ചെമ്മന്തൂർ മുരുകൻ കോവിൽ സന്തോഷ് ഭവനിൽ ചാക്കോ എന്നറിയപ്പെടുന്ന സനിലാണ് (39) കൊല്ലപ്പെട്ടത്. സുഹൃത്തും മരംവെട്ട് തൊഴിലാളിയുമായ ചെമ്മന്തൂർ പകിടിയിൽ നിന്ന് അംബിക ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷിനെ (45)​ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലായിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 7.30ഓടെ കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ചെമ്മന്തൂർ ജംഗ്ഷനിൽ നിന്ന് നരിക്കല്ലിലേക്ക് പോകുന്ന റോഡിലാണ് സംഭവം. മദ്യലഹരിയിൽ ഇരുവരും രാവിലെ മുതൽ വഴക്കിട്ടിരുന്നു. നാട്ടുകാരാണ് പിടിച്ചുമാറ്റിയത്. വൈകിട്ട് റോഡിൽ വച്ച് വീണ്ടും വഴക്കുണ്ടായി. ലോഡ്ജിലെത്തി വെട്ടുകത്തിയുമായി തിരികെയെത്തിയാണ് കൊലപാതകം നടത്തിയത്. കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റ് റോഡിൽ വീണ സനിലിനെ പുനലൂർ പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോഡ്ജിലെത്തി വസ്ത്രം മാറി ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിനെ പൊലീസ് പിടികൂടിയത്. സനിലിന്റെ ഭാര്യ: ശ്രീലേഖ. മകൾ: നന്ദന.