photo
കൊതിമുക്ക് കടത്തുകടവിൽ കെട്ടിയിട്ടിരിക്കുന്ന വള്ളം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭ നിറുത്തലാക്കിയ ഒരു നൂറ്രാണ്ടിൽ അധികം പഴക്കമുള്ള കൊതിമുക്ക് കടത്ത് പുന:സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. കരുനാഗപ്പള്ളി നഗരസഭയെയും പന്മന ഗ്രാമ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടത്താണ് 8 മാസങ്ങൾക്ക് മുമ്പ് കൊവിഡിന്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി നഗരസഭ മുന്നറിയിപ്പില്ലാതെ നിറുത്തലാക്കിയത്. കുറ്റിവട്ടത്തുള്ള തിരുപള്ളിയിൽ ഇക്കരെയുള്ളവർക്ക് ആരാധനയ്ക്ക് പോകാനുള്ള മാർഗം കൊതിമുക്ക് കടത്താണ്. നാല് പതിറ്റാണ്ടിന് മുമ്പ് ചവറ ടൈറ്റാനിയം ഫാക്ടറിയിലേക്ക് ട്രെയിൻമാർഗം കൽക്കരി കൊണ്ടുവരുന്നതിനായി കൊതിമുക്ക് വട്ടക്കായലിന് മീതേ റെയിൽവേ അധികൃതർ പാലം നിർമ്മിച്ചിരുന്നു. കൊതിമുക്ക് കടത്ത് നിലവിലുള്ളപ്പോൾത്തന്നെ പുരുഷൻമാർ പാലം വഴിയാണ് അക്കരയ്ക്ക് പോകുന്നത്. എന്നാൽ പ്രായമായവരും സ്ത്രീകളും കുട്ടികളും അപ്പോഴും കടത്തുവള്ളത്തെയാണ് ആശ്രയിച്ചിരുന്നത്.

രാവിലെ 8 മണിക്ക് സജീവമാകുന്ന കൊതിമുക്ക് കടത്ത് വൈകിട്ട് 6 മണിയോടെയാണ് അവസാനിച്ചിരുന്നത്. കടത്തുകാരന് 275 രൂപയാണ് ദിവസ വേതനമായി നൽകിയിരുന്നത്. 28 ദിവസത്തെ വേതനം മാത്രമേ നൽകിയിരുന്നുള്ളൂ. കടത്തുവള്ളത്തിന് പ്രതിമാസം 4500 രൂപയായിരുന്നു വാടകയിനത്തിൽ മുനിസിപ്പാലിറ്റി നൽകിയിരുന്നത്.

ബുദ്ധിമുട്ടിലായത് സ്ത്രീകളും കുട്ടികളും

അയണിവേലിക്കുളങ്ങര ഭാഗത്തുള്ളവർ കുറ്റിവെട്ടത്തേക്കും ചവറയിലേക്കും എളുപ്പത്തിൽ പോകുന്നത് കൊതിമുക്ക് കടത്ത് കടന്നാണ്. കടത്ത് നിറുത്തലാക്കിയപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് സ്ത്രീകളും കുട്ടികളുമാണ്. രണ്ട് പ്രദേശങ്ങളിലെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കൊതിമുക്ക് കടത്ത് എത്രയും വേഗം പുന:സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊതിമുക്ക് കടത്ത് പുനസ്ഥാപിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കടത്ത് നിറുത്തിയ കാര്യം നഗരസഭാ കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ ഇന്ന് നഗരസഭയ്ക്ക് കൈമാറും. കടത്ത് പുനസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.

ബിന്ദു അനിൽ, 20-ാം ഡിവിഷൻ കൗൺസിലർ, കരുനാഗപ്പള്ളി നഗരസഭ

 രാവിലെ 8 മണിക്ക് സജീവമാകുന്ന കൊതിമുക്ക് കടത്ത് വൈകിട്ട് 6 മണിക്കാണ് അവസാനിച്ചിരുന്നത്

 കടത്തുകാരന്റെ ദിവസ വേതനം: 275 രൂപ

 വാടകയിനത്തിൽ മുനിസിപ്പാലിറ്റി കടത്തുവള്ളത്തിന് പ്രതിമാസം നൽകിയിരുന്നത്: 4500 രൂപ