puthoor
മൂന്നാംചിറ - പഴയചിറ റോഡ് ചെളിക്കുണ്ട്

പുത്തൂർ: മൂന്നാംചിറ - പഴയചിറ റോഡിൽ പലയിടത്തും വലിയ ചെളിക്കുണ്ട് രൂപപ്പെട്ടതോടെ പുത്തൂർ തെക്കുംചേരിയിലെ വാഹന - കാൽനട യാത്രക്കാർ ദുരിതത്തിൽ. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായാണ് പുത്തൂർ തെക്കുംചേരി മൂന്നാംചിറ മില്ലുമുക്ക് - പഴയചിറ റോഡ് വെട്ടിക്കുഴിച്ചത്. കുഴിയെടുത്ത് പൈപ്പിട്ട് മൂടിയിട്ട് രണ്ട് മാസം പിന്നിട്ടു. മണ്ണിട്ടാലുടൻ റീ ടാറിംഗ് നടത്താമെന്നായിരിന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ പിന്നീടിവിടേക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

യാത്രക്കാർ ദുരിതത്തിൽ

വേനൽമഴ പെയ്തതോടെയാണ് റോഡ് ചെളിക്കുണ്ടായി കാൽനടയാത്ര പോലും ദുഷ്കരമായത്. ഈ പാതയിൽ ഇരുചക്ര വാഹനങ്ങൾ തെന്നിമറിയുന്നത് നിത്യ സംഭവവാണ്.ഒരു കിലോമീറ്ററിലധികം വരുന്ന പഴയചിറ - മൂന്നാംചിറ റോഡ് നേരത്തേ ടാറിംഗും കോൺക്രീറ്റും നടത്തി മെച്ചപ്പെടുത്തിയിരുന്നു. ഇതിന്റെ മദ്ധ്യഭാഗം കുഴിച്ചതോടെയാണ് യാത്രാദുരിതം ആരംഭിച്ചത്. നേരത്തേ കോൺക്രീറ്റ് ചെയ്തഭാഗവും ടാറിംഗും അല്പം പോലും കാണാനാകാത്തവിധം ചെളിമണ്ണ് പരന്നിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മഴവെള്ളത്തിൽ ഒലിച്ച് റോഡിൽ നിറയുന്നുമുണ്ട്. വലിയ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചപ്പോൾ നേരത്തേയുണ്ടായിരുന്ന പൈപ്പുകളും തകർന്നു. ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.