കൊല്ലം: രണ്ടാം തരംഗത്തിൽ കുതിച്ചുയരുന്ന കൊവിഡ് വ്യാപനത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് കൊല്ലം നഗരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 783 പേർക്കാണ് നഗരപരിധിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 649 ആയി ഉയർന്നിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭ ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. പൊലീസുമായി ചേർന്ന് കണ്ടെയ്ൻമെന്റ് സോണുകളിൽ ശക്തമായ ഇടപെടലുകളും നടത്തുണ്ട്.
നഗരത്തിലെ കൊവിഡ് ബാധിതരിൽ വലിയൊരു വിഭാഗവും വീടുകളിൽ തന്നെ ചികിത്സയിൽ കഴിയുകയാണ്. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ സെക്കൻഡറി ട്രീറ്റ്മെന്റ് സെന്ററിൽ 64 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ വലിയൊരു വിഭാഗം നഗരത്തിന് പുറത്തുള്ളവരാണ്.
കരുതലോടെ നഗരസഭ
ജില്ലാ ആശുപത്രിക്ക് സമീപം ഷൈൻ കോംപ്ലക്സ്, കരിക്കോട് പകൽവീട് എന്നിവിടങ്ങളിൽ നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രോഗവ്യാപനം വൻതോതിൽ ഉയർന്നാൽ ഇവിടങ്ങളിൽ ചികിത്സ ആരംഭിക്കും. കൊവിഡ് ബാധിതരിൽ അധികവും ശ്വാസതടസം നേരിടുന്ന സാഹചര്യത്തിൽ ഹോക്കി സ്റ്റേഡിയത്തിൽ 200 ഓക്സിജൻ സിലിണ്ടറും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്.
ട്രീറ്റ്മെന്റ് സെന്ററുകളും കിടക്കകളും
ഹോക്കി സ്റ്റേഡിയം: 220
ഷൈൻ കോംപ്ലക്സ്: 150
കരിക്കോട് പകൽവീട്: 80
ഇന്നലെ 173 പേർക്ക് കൊവിഡ്
നഗരത്തിൽ ഇന്നലെ 173 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കേവിള, മുണ്ടയ്ക്കൽ, പള്ളിമുക്ക്, കിളികൊല്ലൂർ, കരിക്കോട്, ആശ്രാമം, അയത്തിൽ എന്നിവിടങ്ങളിലാണ് കൂടുതൽപേർ രോഗബാധിതരായത്.
ആകെ കൊവിഡ് ബാധിച്ചത്: 15,674
നിലവിൽ ചികിത്സയിലുള്ളവർ: 649
രോഗമുക്തർ: 14,892
മരണം: 133
നഗരത്തിൽ കൊവിഡ് (തീയതിയും രോഗം സ്ഥിരീകരിച്ചവരും)
20- 155
19- 84
18- 118
17-68
16-71
15-67