കൊല്ലം: കൊവിഡ് താണ്ഡവത്തിനിടയിലും കൊല്ലത്തിന്റെ സാംസ്കാരിക ബോധത്തിന് ഉണർവേകിയ ഗാന്ധിഭവൻ നാടകോത്സവത്തിന് ഇന്ന് തിരശീല വീഴും. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിലുള്ള ഗാന്ധിഭവൻ കലാ സാംസ്കാരിക കേന്ദ്രവും സംസ്ഥാന സാംസ്കാരിക വകുപ്പും കൈകോർത്താണ് നാടകോത്സവം സംഘടിപ്പിച്ചത്. എട്ട് ദിനങ്ങളിലായി മികവുറ്റ ഏഴ് നാടകങ്ങൾ ഇതിനകം അരങ്ങിൽ മാറ്റുരച്ചു.
'സർഗാത്മകത നഷ്ടമാകുന്ന രാഷ്ട്രീയരംഗം', 'കഥാപ്രസംഗകല നേരിടുന്ന വെല്ലുവിളികൾ', 'ജനകീയ കലകളുടെ പ്രസക്തി അന്നും ഇന്നും' തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും ഭിന്നശേഷിയുള്ള കലാസാംസ്കാരിക കാരുണ്യ പ്രവർത്തകരുടെ സംഗമവും സർഗസംഗമവുമൊക്കെ നാടകോത്സവത്തിന്റെ ഭാഗമായി നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നിയന്ത്രിച്ചിരുന്നെങ്കിലും ഗാന്ധിഭവൻ ടി.വി യൂ ട്യൂബ് ചാനലിലൂടെയുള്ള തത്സമയ പ്രക്ഷേപണത്തിലൂടെ ഏവരെയും പങ്കാളികളാക്കാൻ സംഘാടകർക്കായി.
മത്സരത്തിൽ വിജയിക്കുന്ന നാടകത്തിന് അര ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 45000, 35000 രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും നൽകും. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥ എന്നിവയടക്കം എല്ലാ മേഖലയ്ക്കും സമ്മാനങ്ങളുമുണ്ടാകും. പങ്കെടുത്ത എട്ട് ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി കാൽ ലക്ഷം രൂപ വീതവും നൽകും. മേയ് രണ്ടാംവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടക്കുമെന്ന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ അറിയിച്ചു.
ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഗവേണിംഗ് ബോഡി അംഗം ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. നടൻ കൊല്ലം തുളസി മുഖ്യാതിഥിയാകും. പ്രമുഖ ഗായകർ നാടകഗാനങ്ങൾ ആലപിക്കുന്ന ഗാനതരംഗിണി എന്ന പരിപാടിയും സമാപനത്തിന്റെ ഭാഗമായി നടക്കും. തുടർന്ന് 5.30ന് തിരുവനന്തപുരം സംഘകേളിയുടെ 'മക്കളുടെ ശ്രദ്ധയ്ക്ക്' എന്ന നാടകം മത്സരത്തിൽ പങ്കെടുക്കും.