ക്ലസ്റ്റർ തിരിച്ച് നിയന്ത്രണം
കൊല്ലം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലായാൽ പ്രാദേശികമായി ക്ലസ്റ്ററുകൾ രൂപീകരിച്ച് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സോണൽ ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരിക്കും ക്ലസ്റ്ററുകൾ.
സമ്പർക്ക വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളെ ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണുകളാക്കുകയാണ്. ഇവിടങ്ങളിൽ വ്യാപനം വർദ്ധിക്കുകയാണെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് ആലോചന.
ക്ലസ്റ്ററുകളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഏർപ്പെടുത്തുക. ലോക്ക് ഡൗണിന് ശേഷം ഇളവുകൾ വരുത്തിയപ്പോൾ ഇത്തരത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ക്ലസ്റ്ററുകളായി മാറുന്ന പ്രദേശങ്ങളിൽ പ്രധാനപാതവഴി മാത്രമായിരിക്കും പ്രവേശനം. അതിർത്തികളിൽ പൊലീസ് പരിശോധനയും ശക്തമായിരിക്കും.
അവശ്യസേവന മേഖലകളൊഴികെ മറ്റുള്ളവർക്ക് ക്ലസ്റ്റർ മേഖലയിലേക്കോ പുറത്തേക്കോ സഞ്ചരിക്കാൻ അനുവാദമുണ്ടാകില്ല. വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ടാകും.
ടെസ്റ്റ് പോസിറ്റിവിറ്റി
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ കൂടുതലുള്ളത് പൂയപ്പള്ളി പഞ്ചായത്തിലാണ്. 25 ആണ് ഇവിടുത്തെ പോസിറ്റിവിറ്റി നിരക്ക്. ഏരൂർ, ഇളമാട്, തെന്മല, കുലശേഖരപുരം എന്നിവിടങ്ങളിൽ നിരക്ക് 20ന് മുകളിലാണ്. പ്രതിദിന നിരക്ക് 5ൽ താഴെയുള്ള മൺറോത്തുരുത്താണ് നിലവിൽ പോസിറ്റിവിറ്റി നിരക്ക് കുറവുള്ള പഞ്ചായത്ത്. ജില്ലയിലെ 31 പഞ്ചായത്തുകളിലും കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി മുസിപ്പാലിറ്റികളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്.
നിയന്ത്രണങ്ങൾ ഇങ്ങനെ
1. പ്രദേശം ലോക്ക് ഡൗണിന് സമാനമാകും
2. ചുമതല റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി)
3. ആരോഗ്യ ഇൻസ്‌പെക്ടർമാർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് അംഗം, വോളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ അംഗങ്ങൾ
4. ആർ.ആർ.ടിയുടെ നിയന്ത്രണം പ്രാദേശിക ആരോഗ്യവകുപ്പ് അധികൃതർക്ക്
5. ക്ലസ്റ്റർ പ്രവർത്തനം വിലയിരുത്താൻ കൺട്രോൾ റൂം
6. പ്രദേശത്തെ കണ്ടെയ്‌ൻമെന്റ് സോണാക്കും
7. പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർക്ക് പരിശോധന, ചികിത്സ, ക്വാറന്റൈൻ
8. തീരദേശ - ആദിവാസി മേഖലകളിൽ പ്രത്യേക നിരീക്ഷണം
9. താക്കീതില്ല, നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
10. തുടർച്ചയായി 7 ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തോ പത്തിൽ താഴെയോ ആകുന്ന മുറയ്ക്ക് നിയന്ത്രണം പിൻവലിക്കും
ക്ളസ്റ്ററാക്കുന്നത്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലെങ്കിൽ
"
കൂടുതൽ ജാഗ്രത കാട്ടാൻ എല്ലാവരും ശ്രദ്ധിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലായാൽ കടുത്ത നിയന്ത്രണം വേണ്ടിവരും.
ബി. അബ്‌ദുൽ നാസർ
ജില്ലാ കളക്ടർ