കൊല്ലം: നഗരത്തിൽ ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പിടീൽ ജോലികൾ പുരോഗമിക്കുന്നു. ഫാത്തിമ മാതാ നാഷണൽ കോളേജ് റോഡിലാണ് ഇപ്പോൾ പൈപ്പിടുന്നത്. ഗതാഗതം പൂർണമായും നിറുത്തിവച്ചശേഷം റോഡിന്റെ മദ്ധ്യഭാഗം ആഴത്തിൽ കുഴിച്ചാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്.
നഗരപരിധിയിൽ വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ളാന്റ് മുതൽ കൊല്ലം വിമലഹൃദയ സ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള ജലസംഭരണി വരെയാണ് പൈപ്പിടീലിന്റെ ആദ്യഘട്ടം. 1016 എം.എം പൈപ്പുകളാണ് 3,835 മീറ്റർ ദൂരത്തിൽ ഇവിടേക്ക് ഇടുന്നത്. 54 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ളതാണ് ഇവിടത്തെ ജലസംഭരണി.
വിമലഹൃദയയ്ക്ക് സമീപത്തെ ജലസംഭരണിയിൽ നിന്ന് ആനന്ദവല്ലീശ്വരത്തെ ജലസംഭരണിയിലേക്ക് പൈപ്പിടുന്നതാണ് രണ്ടാംഘട്ടം. 6,310 മീറ്റർ നീളത്തിൽ 914 എം.എം പൈപ്പുകളാണ് ഇവിടെ സ്ഥാപിക്കുക. ആനന്ദവല്ലീശ്വരത്ത് നിന്നാണ് കോർപ്പറേഷനിലെ വിവിധ ചെറുകിട ജലസംഭരണികളിലേക്കും പൈപ്പ്ലൈനുകളിലേക്കും വെള്ളം നൽകുന്നത്. ശാസ്താംകോട്ട പദ്ധതിയിൽ നിന്നുള്ള വെള്ളവും ഇവിടേക്കെത്തും.
നഗരപരിധിയിൽ 10 കിലോമീറ്റർ
ഞാങ്കടവ് പദ്ധതി പ്രകാരം കോർപ്പറേഷൻ പരിധിയിൽ പത്ത് കിലോമീറ്റർ ദൂരത്തിലാണ് ആകെ പൈപ്പ് സ്ഥാപിക്കുന്നത്. ഇതിൽ ഒരു കിലോ മീറ്റർ ദൂരത്തിലെ പൈപ്പിടീൽ ജോലികൾ ഇതിനോടകം പൂർത്തിയായി.
പ്ളാന്റിൽ ജലമെത്താൻ ഇനി ഒരു കി.മീ മാത്രം
പുത്തൂർ ഞാങ്കടവിൽ നിന്ന് വസൂരിച്ചിറയിലെ പ്ളാന്റിലേക്കുള്ള 27 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞു. ഇളമ്പള്ളൂരിലെ ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഇനി ശേഷിക്കുന്നത്. ദേശീയപാതാ അധികൃതരിൽ നിന്ന് അനുമതി ലഭിക്കുന്നതിലുള്ള താമസം മൂലമാണ് ഇവിടെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കാത്തത്. ഉടൻതന്നെ ഇവിടെയും നിർമ്മാണ ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
130 കോടി രൂപയുടെ ബില്ല് മാറി
2018ലാണ് ഞാങ്കടവ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കിഫ്ബിയിലും അമൃത് പദ്ധതിയിലുമായി ഉൾപ്പെടുത്തി 313.35 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. അടുത്ത വർഷത്തോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും പൂർത്തിയായി. 130 കോടി രൂപയുടെ ബില്ലുകൾ ഇതിനോടകം മാറുകയും ചെയ്തു.