പരിശോധന ശക്തമാക്കി റെയിൽവേ
കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്തോ, പ്ലാറ്റ് ഫോമിലോ, ട്രെയിനിനുള്ളിലോ ഇനി മാസ്‌കില്ലാതെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ അടയ്ക്കേണ്ടിവരും. ഉത്തരവ് കർശനമായി നടപ്പാക്കാൻ ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നേരത്തെ 100 രൂപ പിഴ ഈടാക്കിയിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. ആറുമാസത്തേയ്ക്കാണ് പുതിയ ഉത്തരവിന്റെ കാലാവധി. രണ്ടാംഘട്ട അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തിലാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.
റെയിൽവേ സ്റ്റേഷൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, ടി.ടി.ഇമാർ, റെയിൽവേ പൊലീസ്, മറ്റ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കാണ് പിഴ ഈടാക്കാനുള്ള ചുമതല.