കൊല്ലം: കർഷകർക്ക് ആശ്വാസമായി നാടൻ ഏത്തക്കായ വില കുതിക്കുന്നു. ഇന്നലെ നാടൻ എത്തപ്പഴം 70 രൂപയ്ക്കാണ് പ്രാദേശികമായി വിറ്റുപോയത്. വരവ് ഏത്തന് വില 50 രൂപയിലുമെത്തി. ഇതിൽ കുറഞ്ഞവിലയ്ക്കും വിൽപ്പന നടന്നയിടങ്ങളുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് അടുത്തിടെ വൻതോതിൽ ഏത്തക്കുലകൾ എത്തിയതോടെ നാടൻ ഏത്തന് ആവശ്യക്കാർ കുറഞ്ഞിരുന്നു. നാല് കിലോ ഏത്തക്കായ 100 രൂപയ്ക്ക് വിറ്റതോടെ ഗ്രാമീണ കർഷകരുടെ നട്ടെല്ലൊടിഞ്ഞു. നാടൻ ഏത്തക്കായ 25 രൂപയ്ക്ക് പോലും വാങ്ങാനാളില്ലാതായിരുന്നു. കഴിഞ്ഞ രണ്ടുമാസം കൊണ്ടാണ് നാടൻ ഏത്തൻ മികച്ച വിലയിലേയ്ക്ക് ഉയർന്നത്. കൂലിച്ചെലവും വളപ്രയോഗവും ചെലവേറ്റുന്നതിനാൽ കിലോയ്ക്ക് 50 രൂപയെങ്കിലും കിട്ടിയാലെ കർഷകർക്ക് പിടിച്ചുനിൽക്കാനാവൂ.
രുചിയും നാരിന്റെ സാന്നിദ്ധ്യവും പോഷക ഗുണവുമാണ് നാടൻ ഏത്തനെ ജനപ്രിയമാക്കുന്നത്. രാസവളം ഉപയോഗിക്കുന്ന വരത്തൻ ഏത്തക്കായ ചിപ്‌സിനും ഏത്തക്കാഅപ്പത്തിനുമാണ് കൂടതലായും ഉപയോഗിക്കുന്നത്.
മുൻ മാസങ്ങളിലെ വില, നാടൻ, വരവ്
മാർച്ച്: 55 - 45 രൂപ
ഫെബ്രുവരി: 50 - 38
ജനുവരി: 40 - 35
ഡിസംബർ: 38 - 32
നവംബർ: 35 - 34
ഒക്ടോബർ: 25 - 25