thodiyor
മാരാരിത്തോട്ടം ലെവൽ ക്രോസിൽ നിന്നാരംഭിച്ച് കല്ലുകടവ് ഓവർ ബ്രിഡ്ജിന് സമീപം സന്ധിക്കുന്ന റോഡ്

തൊടിയൂർ: കല്ലുകടവ് നിവാസികൾ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാരാരിത്തോട്ടം ക്ഷേത്രത്തിന് കിഴക്കുവശത്തെ അടച്ചുപൂട്ടിയ ലെവൽക്രോസിന് സമീപത്ത് നിന്നാരംഭിച്ച് കല്ലുകടവ് റെയിൽവേ ഓവർ ബ്രിഡ്ജിനടുത്തുള്ള കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ സന്ധിക്കുന്ന പാതയിലാണ് യാത്രാക്ലേശം രൂക്ഷമായത്. റോഡിന്റെ പല ഭാഗങ്ങളിലും അപകടകരമായി ഉയർന്നു നിൽക്കുന്ന കല്ലുകളും കുണ്ടും കുഴിയും യാത്രക്കാരെ വലയ്ക്കുകയാണ്.

റെയിൽ ലൈനിന് സമാന്തരമായുള്ള 500 മീറ്ററോളം ദൈർഘ്യമുള്ള റോഡിലൂടെ നിരവധി ചെറിയ വാഹനങ്ങളും കാൽനടയാത്രക്കാരും ദിവസേനെ കടന്നുപോകുന്നുണ്ട്. കരുനാഗപ്പള്ളിയിൽ നിന്ന് മൈനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് റെയിൽവേ ഗേറ്റ് ഒഴിവാക്കി സഞ്ചരിക്കുന്നതിനുള്ള എളുപ്പവഴി കൂടിയാണിത്. ചെറിയമഴ പെയ്താൽ പോലും ഇവിടമാകെ ചെളിയും വെള്ളക്കെട്ടുമാകും. അതോടെ യാത്രാദുരിതവും വർദ്ധിക്കും.

റെയിൽവേയുടെ സ്ഥലം

റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമായതിനാൽ റോഡ് മെച്ചപ്പെടുത്താൻ റെയിൽവേയുടെ അനുമതി വേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ അപേക്ഷിച്ചാൽ ഉപാധികളോടെ റെയിൽവേ നടപ്പാത സഞ്ചാരയോഗ്യമാക്കാൻ അനുമതി നൽകുമെന്നറിയുന്നു. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് എത്രയും വേഗം യാത്രാക്ലേശം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.