exi
പുനലൂർ ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിൽ ചോർന്ന് ഒലിക്കുന്ന എക്സൈസ് സർക്കിൾ ഓഫിസ് പ്രവർത്തിക്കുന്ന പഴഞ്ചൻ കെട്ടിടം

പുനലൂർ: ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിലെ ചോർന്നൊലിക്കുന്ന പഴഞ്ചൻ കെട്ടിടത്തിലാണ് എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്നത്. ഓട് മേഞ്ഞ കെട്ടിടത്തിന് പ്ലാസ്റ്റിക് ടാർപ്പോളിൽ വലിച്ച് കെട്ടിയിരിക്കുകയാണ്. എന്നാലും ശക്തമായ മഴയിൽ കെട്ടിടം ചോർന്നൊലിക്കും. ജീവനക്കാർ ഫയലുകളുമായി വരാന്തയിലും മറ്റും ഇറങ്ങി നിൽക്കുന്ന അവസ്ഥയാണിപ്പോൾ. സി.ഐയും വനിതാ ജീവനക്കാരും അടക്കം 11പേർ ജോലി ചെയ്യുന്ന കെട്ടിടത്തിൽ പ്രതികളെയും തൊണ്ടി സാധനങ്ങളും സൂക്ഷിക്കാൻ കഴിയാത ബുദ്ധിമുട്ടുകയാണ് ഉദ്യോഗസ്ഥർ. ഇത് കാരണം കെട്ടിടത്തിന് ചുറ്റും തൊണ്ടി സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൂടാതെ ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുളള സൗകര്യം പോലും ഇവിടെയില്ല.

പ്രതിഷേധം വ്യാപകം

രണ്ട് വർഷം മുമ്പ് പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്.അന്ന് സി.ഐ ഓഫീസ് തൊളിക്കോട്ടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.റേഞ്ച് ഓഫീസ് കുന്നിക്കോട്ട് മാറ്റി സ്ഥാപിച്ച ശേഷമാണ് എക്സൈസ് സി.ഐ ഓഫീസിൽ മാർക്കറ്റ് ജംഗ്ഷനിലെ പഴയ കെട്ടിടത്തിലേക്ക് മാറ്റിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് കരിങ്കല്ലിൽ പണിത് ഉയർത്തിയ കെട്ടിടത്തിലാണ് നൂറ്റാണ്ടുകളായി എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത്.എന്നാൽ പുനലൂരിലെ ഭൂരിഭാഗം സർക്കാർ ഓഫിസുകൾക്കും സ്വന്തമായി കെട്ടിടം പണിതിട്ടും എക്സൈസ് കോംപ്ലസ് സമുച്ചയ നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.എന്നാൽ എക്സൈസ് കോംപ്ലിസ് സമുച്ചയത്തിന്റെ പഴയ പ്ലാനിൽ പുതിയ പരിഷ്ക്കരണം കൂടി വരുത്തിയതാണ് നിർമ്മാണം നീണ്ട് പോകാൻ കാരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പാഴായ പ്രഖ്യാപനം

മഴ പെയ്താൽ ചോർന്നൊലിക്കുന്ന പുനലൂരിലെ പഴയ എക്സൈസ് ഓഫിസ് കെട്ടിടം പൊളിച്ച് മാറ്റി പകരം എക്സൈസ് കോംപ്ലസ് സമുച്ചയം നിർമ്മിക്കുന്ന പ്രഖ്യാപനം അനന്തമായി നീളുന്നത് കാരണം ജീവനക്കാർ തീരാദുരിതമാണ് അനുഭവിക്കുന്നത്. പുനലൂർ ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിലെ എക്സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 5കോടിയോളം രൂപ ചെലവഴിച്ച് എക്സൈസ് കോംപ്ലസ് സമുച്ചയം പണിയുമെന്ന് വകുപ്പ് മന്ത്രിയും മറ്റും പ്രഖ്യാപിച്ചിരുന്നു.തുടർന്ന് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനും സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജുവും പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കഴിഞ്ഞ വർഷം സന്ദർശിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല.