എസ്.എസ്.എൽ.സി എഴുതി കൊവിഡ് ബാധിതരും
കൊല്ലം: കൊവിഡ് ബാധിച്ചിട്ടും തളരാതെ ഇന്നലെ ജില്ലയിൽ 24 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ക്വാറന്റൈനിലുള്ള 45 വിദ്യാർത്ഥികളും പരീക്ഷക്കെത്തി. മറ്റെല്ലാ കുട്ടികളും ക്ലാസുകളിൽ കയറിയ ശേഷമാണ് കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾ പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതാൻ എത്തിയത്.
ഇവർക്കായി ഓരോ സ്കൂളിലും പ്രത്യേകം ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്. ഇവർ എത്തുമ്പോൾ ഡെസ്കിൽ ചോദ്യപേപ്പർ ഉണ്ടാകും. ഇവരുടെ ക്ലാസ് മുറിയിലേക്ക് പ്രത്യേകം ഇൻവിജിലേറ്ററെ നിയമിച്ചിട്ടുണ്ടെങ്കിലും ക്ലാസിനുള്ളിലേക്ക് കയറില്ല. പുറത്തുനിന്ന് നിരീക്ഷിക്കും. പരീക്ഷ എഴുതിക്കഴിഞ്ഞ് ഉത്തരക്കടലാസ് നിക്ഷേപിക്കാൻ പ്രത്യേക കവർ സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് എല്ലാ കുട്ടികളും വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇവർ പുറത്തിറങ്ങുന്നത്. രക്ഷകർത്താക്കൾ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ പ്രത്യേകം വാഹനങ്ങളിലാണ് ഇവരെ സ്കൂളിലേക്ക് കൊണ്ടുപോവുകയും തിരിച്ച് കൊണ്ടുവരുകയും ചെയ്യുന്നത്.
കൊല്ലം നഗരത്തിലെ ഒരു സ്കൂളിൽ കൊവിഡ് ബാധിച്ച മൂന്ന് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട്. ക്വാറന്റൈനിലുള്ളവർ കിറ്റ് ധരിക്കാതെ പ്രത്യേകം ക്ലാസ് മുറികളിലിരുന്നാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് ബാധിച്ച 20 കുട്ടികൾ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്.
ആകെ വിദ്യാർത്ഥികൾ: 30,970
കൊവിഡ് ബാധിതർ: 24
ക്വാറന്റൈനിലുള്ളവർ: 45
''
ആറ് വിദ്യാർത്ഥികൾ മാത്രമാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതാതിരുന്നത്. ഇതിന്റെ കാരണം കൊവിഡ് അല്ലെന്നാണ് നിഗമനം.
വിദ്യാഭ്യാസ വകുപ്പ്