കൊല്ലം: അശാസ്ത്രീയ ബാങ്കിംഗ് പരിഷ്‌കാരങ്ങൾ മൂലം ജീവനക്കാരുടെ മനോവീര്യം ചോർത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങൾ തിരുത്തണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അംഗബലവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളും മൂലം ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് യുക്തിസഹമല്ലാത്ത ടാർജറ്റുകൾ നൽകി സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബാങ്കിംഗ് മേഖലയുമായി ബന്ധമില്ലാത്ത ഫാസ് ടാഗ്, കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ എന്നിവയുടെ വിപണകേന്ദ്രമായി മാറിയിരിക്കുകയാണ് ബാങ്കുകൾ.
ഓരോ ജീവനക്കാരനും ശാഖകൾക്കും നിശ്ചിത ടാർജറ്റുകളാണ് നൽകിയിരിക്കുന്നത്. കാനറ ബാങ്കിന്റെ തൊക്കിലങ്ങാടി ശാഖാ മാനേജർ ബാങ്കിനുള്ളിൽ ആത്മഹത്യചെയ്യേണ്ടിവന്ന സാഹചര്യമാണ് മറ്റ് ബാങ്ക് ജീവനക്കാർക്കും നിലവിലുള്ളതെന്നും ബി.ഇ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു. ഇതര ബിസിനസുകൾ നിറുത്തലാക്കി ബാങ്കിംഗ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടപെടലുണ്ടായില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി ജി. സതീഷ്, ജില്ലാ പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ ജോ. സെക്രട്ടറി കെ. പ്രമീൽ കുമാർ എന്നിവർ പങ്കെടുത്തു.