അഞ്ചൽ: ഭാരതീപുരത്ത് സഹോദരൻ കൊലപ്പെടുത്തിയ ശേഷം അമ്മയുടെ ഒത്താശയോടെ വീട്ടുവളപ്പിൽ കുഴിച്ചിട്ട തോട്ടംമുക്ക് പള്ളിമേലതിൽ വീട്ടിൽ ഷാജി പീറ്ററുടെ (കരടി ഷാജി - 44) ശരീരാവശിഷ്ടം പൊലീസും സയിന്റിഫിക് വിദഗ്ദ്ധരും ചേർന്ന് കണ്ടെത്തി. സംഭവത്തിൽ അറസ്റ്റിലായ ഷാജിയുടെ സഹോദരൻ സജിൻ പീറ്റർ (40), അമ്മ പൊന്നമ്മ (62) എന്നിവരെ റിമാൻഡ് ചെയ്‌തു.
സജിനാണ് മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം കാണിച്ചുകൊടുത്തത്. റബർ തോട്ടത്തിന്റെ മദ്ധ്യഭാഗത്തുള്ള വീടിന്റെ കുത്തനെയുള്ള ഭാഗത്ത് നാലടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചാക്കിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു ശരീരാവശിഷ്ടം. ദുർഗന്ധം പുറത്തുവരാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ടശേഷം കോൺക്രീറ്റ് ചെയ്തിരുന്നു. ഇതിന് മുകളിൽ വീണ്ടും മണ്ണിട്ടിരുന്നു. കുഴിയിൽ നിന്ന് തടികുരിശും കണ്ടെത്തി.
2018ലെ തിരുവോണനാളിലായിരുന്നു കൊലപാതകം. സജിന്റെ ഭാര്യയോട് ഷാജി മോശമായി പെരുമാറിയതിന്റെ പേരിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ചെന്നുറപ്പായപ്പോൾ അമ്മയുടെ സമ്മതത്തോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊന്നമ്മയുടെ സഹോദരീപുത്രനായ റോയിയാണ് കൊലപാതകവിവരം പത്തനംതിട്ട ഡിവൈ.എസ്.പിയെ ധരിപ്പിച്ചത്. തുടർന്ന് ഏരൂർ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഏരൂർ സി.ഐ എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.
കൊട്ടാരക്കര റൂറൽ അഡീഷണൽ എസ്.പി ബിജുമോൻ, പുനലൂർ ഡിവൈ.എസ്.പി എം.എസ്. സന്തോഷ് കുമാർ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, പുനലൂർ തഹസിൽദാർ വിനോദ് രാജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹാവശിഷ്ടം പുറത്തെടുത്തത്.
കുടുംബവഴക്ക് വഴിത്തിരിവായി
അമ്മായിഅമ്മയും മരുമകളുമായുള്ള വഴക്കാണ് കൊലപാതകം പുറംലോകം അറിയാനിടയാക്കിയത്. റോയി ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ട്. കഴിഞ്ഞതവണ എത്തിയപ്പോൾ അമ്മിണിയും സജിന്റെ ഭാര്യ ആര്യയും തമ്മിൽ വഴക്കിട്ടിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കൊലപാതകവിവരം ആര്യ വിളിച്ചുപറഞ്ഞത്. ഇതുകേട്ട റോയി തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
'അവശിഷ്ടങ്ങൾ ഷാജിയുടേതെന്ന് ശാസ്ത്രീയമായി തെളിയിക്കാനുള്ള നടപടി ആരംഭിച്ചു. മൃതദേഹം മറവ് ചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷിക്കും".- എസ്.എൻ. സന്തോഷ് കുമാർ,
ഡിവൈ.എസ്.പി, പുനലൂർ